വിലങ്ങാട്: വാണിമേൽ പഞ്ചായത്തിലെ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വിലങ്ങാട് പ്രദേശം ഉൾപ്പെടുന്ന മൂന്നു വാർഡുകളിൽ നിർമാണപ്രവൃത്തികൾക്ക് ജില്ലാഭരണകൂടം വിലക്കേർപ്പെടുത്തിയത് ദുരിതബാധിതരെ ആശങ്കയിലാക്കുന്നു. പഞ്ചായത്തിലെ ഒൻപത്, 10, 11 വാർഡുകളിലെ നിർമാണപ്രവൃത്തികൾക്കാണ് കളക്ടർ സ്നേഹിൽകുമാർ സിങ് വിലക്കേർപ്പെടുത്തിയത്.
ഒൻപതാം വാർഡ് ഉൾപ്പെടുന്ന പാലൂർ, മാടാഞ്ചേരി, പന്നിയേരി, കുറ്റല്ലൂർ, മഞ്ഞക്കുന്നിന്റെ ഒരുഭാഗം, 10-ാം വാർഡ് ഉൾപ്പെടുന്ന മഞ്ഞച്ചീളി, വലിയപാനോം, ചെറിയപാനോം, വിലങ്ങാട് അങ്ങാടി, 11-ാം വാർഡിൽ ഉൾപ്പെടുന്ന വാളാന്തോട്, കരുകുളം എന്നിവിടങ്ങളിലാണ് നിർമാണപ്രവൃത്തികൾക്ക് വിലക്കേർപ്പെടുത്തിയത്. എന്നാൽ, ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവരിൽ ചിലർ ഈ പ്രദേശങ്ങളിൽ പുതിയ വീട് വെക്കാനായി സ്ഥലം വാങ്ങിയവരും വീടിന്റെ തറ കെട്ടിയവരുമാണ്. ഇവരാണ് ഇപ്പോൾ ദുരിതത്തിലായിരിക്കുന്നത്.
ഈ മാസം നാലിനായിരുന്നു വിലങ്ങാട് പുനരധിവാസപ്രവൃത്തികൾ അവലോകനം ചെയ്യാൻ കളക്ടറുടെ അധ്യക്ഷതയിൽ ദുരന്തനിവാരണയോഗം ചേർന്നത്. ഈ യോഗത്തിലാണ് നിർമാണപ്രവൃത്തികൾക്ക് വിലക്കേർപ്പെടുത്തുന്ന തീരുമാനമുണ്ടായത്. എന്നാൽ, യോഗത്തിൽ വാക്കാലുള്ള തീരുമാനമുണ്ടായതല്ലാതെ രേഖാമൂലമുള്ള ഉത്തരവ് ഇതുവരെ വാണിമേൽ പഞ്ചായത്തിലോ വിലങ്ങാട് വില്ലേജ് ഓഫീസിലോ വന്നിട്ടില്ലെന്ന് വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും പറഞ്ഞു.
“എൻഐടിയുടെ പഠനറിപ്പോട്ടിന്റെ അടിസ്ഥാനത്തിൽ ഒൻപത്, 10, 11 വാർഡുകളിൽ ഒരുവിധ നിർമാണപ്രവൃത്തിയും ചെയ്യാൻ പാടില്ല. ഈ വാർഡുകൾ ഉൾപ്പെടുന്ന സ്ഥലത്ത് ഏതുനിമിഷവും വീണ്ടും ഉരുൾപൊട്ടലുണ്ടാവാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് നിർമാണപ്രവൃത്തി നിർത്തിവെക്കാൻ യോഗത്തിൽ തീരുമാനമെടുത്തത്. ഡിഡിഎംഎ മീറ്റിങ്ങിലെടുത്ത തീരുമാനമായതുകൊണ്ടാണ് പഞ്ചായത്തിലും വില്ലേജിലും ഉത്തരവ് കൊടുക്കാത്തത്” -ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ ഇ. അനിതകുമാരി പറഞ്ഞു.
തീരുമാനമെടുത്തത് പ്രാബല്യത്തിൽ വരണമെങ്കിൽ ഉത്തരവായിട്ട് വരണ്ടേയെന്നും കളക്ടറുടെ ഉത്തരവ് വരാതെ നാളെ ആരെങ്കിലും ചോദ്യംചെയ്താൽ കളക്ടറുടെ വാക്കാലുള്ള ഉത്തരവനുസരിച്ച് തീരുമാനമെടുത്തുവെന്ന് പറയാൻ പറ്റില്ലല്ലോ എന്നും പഞ്ചായത്ത് സെക്രട്ടറി വി.കെ. ശ്രീജേഷ് പറഞ്ഞു. നിർമാണപ്രവൃത്തി നടത്തരുതെന്ന കളക്ടറുടെ പരാമർശമുള്ളതുകൊണ്ട് ഒൻപത്, 10, 11 വാർഡുകളിൽ ഒരുവിധ നിർമാണാനുമതിയും കൊടുക്കുന്നില്ലെന്നും കെട്ടിടങ്ങൾക്കോ വീടുകൾക്കോ നമ്പർ ഇട്ടുകൊടുക്കാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
അത്യാവശ്യഘട്ടങ്ങളിൽ നടത്തുന്ന പ്രവൃത്തികൾക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ മുൻകൂർ അനുമതി വേണമെന്ന് കളക്ടറുടെ യോഗത്തിൽ തീരുമാനമുണ്ടായിരുന്നു. അതുകൊണ്ട് പുതിയ കെട്ടിടമുണ്ടാക്കുന്നവർ നേരിട്ട് ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതി വാങ്ങണം. അല്ലെങ്കിൽ പഞ്ചായത്തിൽ അപേക്ഷ കിട്ടിയാൽ പഞ്ചായത്ത് ദുരന്തനിവാരണ അതോറിറ്റിക്ക് അത് കൈമാറുമെന്നും സെക്രട്ടറി പറഞ്ഞു.
അതിനിടെ ഒൻപത്, 10, 11 വർഡുകളിൽ പൂർണമായും നിർമാണപ്രവൃത്തിക്ക് തടസ്സമുണ്ടാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് സമരത്തിനൊരുങ്ങുകയാണ്.
15 ലക്ഷം ഇതുവരെ കിട്ടിയില്ല
:ഉരുൾപൊട്ടലിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 15 ലക്ഷംരൂപ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ട് ദിവസങ്ങളായിട്ടും ആർക്കും പൈസ കിട്ടിയില്ല. വീട് പൂർണമായും നഷ്ടപ്പെട്ട 31 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപവീതം സഹായധനം നൽകുമെന്നാണ് സർക്കാർ പറഞ്ഞത്. എന്നാൽ, ഒരാളുടെ അക്കൗണ്ടിൽപ്പോലും പണം വന്നിട്ടില്ല.
വിഷുവിനുമുന്നേ സർക്കാർ സഹായധനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചവരാണ് ദുരിതത്തിലായത്. സർക്കാർ സഹായധനം പെട്ടെന്ന് കിട്ടുമെന്ന് പ്രതീക്ഷിച്ച് വീടുവെക്കാൻ പുതിയ സ്ഥലത്തിന് അഡ്വാൻസ് കൊടുത്തവർ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്.
എന്നാൽ, പണം ശരിയായിട്ടുണ്ട്, ബില്ല് ട്രഷറിയിൽ കൊടുക്കേണ്ട താമസമേ ഉള്ളൂവെന്നാണ് തഹസിൽദാർ ഓഫീസിൽനിന്ന് പറയുന്നത്.