മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന് പുത്തൻ നേട്ടം. ചിത്രം ആഗോളതലത്തിൽ 200 കോടി ക്ലബിൽ ഇടംപിടിച്ചു. ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നുനിൽക്കേയാണ് സിനിമ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
മോഹൻലാലാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ ആദ്യം അറിയിച്ചത്. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസംകൊണ്ടാണ് എമ്പുരാൻ 200 കോടി ക്ലബിലെത്തിയത്. എമ്പുരാൻ ചരിത്രം സൃഷ്ടിച്ചുവെന്നാണ് പ്രത്യേക പോസ്റ്റർ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ കുറിച്ചത്.
നേരത്തേ 48 മണിക്കൂറിലാണ് ചിത്രം 100 കോടി ക്ലബിൽ ഇടംപിടിച്ചത്. അതേസമയം ചിത്രത്തിന്റെ റീ എഡിറ്റഡ് പതിപ്പ് ഉടൻ തീയേറ്ററുകളിലെത്തും. പ്രമേയവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളെത്തുടർന്ന് മൂന്ന് മിനിറ്റാണ് ചിത്രത്തിൽനിന്ന് നീക്കം ചെയ്തത്. മുരളി ഗോപിയുടേതാണ് തിരക്കഥ. മാര്‍ച്ച് 27 ന് രാവിലെ ആറ് മണി മുതലാണ് എമ്പുരാന്റെ പ്രദര്‍ശനം ആരംഭിച്ചത്.
ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്, ആന്റണി പെരുമ്പാവൂര്‍, സുഭാസ്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തിയ ചിത്രം കൂടിയാണ്.
മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു, സായ്കുമാര്, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന് ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന് മാര്ട്ടിന്, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്, അനീഷ് ജി മേനോന്, ശിവദ, അലക്സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേൽ നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്, നിഖാത് ഖാന്, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങള്‍.