കൊച്ചി: വിമാനത്തിൽ യുവനടിയോട് അപമര്യാദയായി പെരുമാറിയ കേസിൽ പൊലീസ് സഹയാത്രികരുടെ മൊഴിയെടുത്തു. പ്രതി ആന്റോ മദ്യപിച്ച നിലയിലായിരുന്നെന്നാണ് സഹയാത്രികർ നൽകിയ മൊഴി.അതിനിടെ, പ്രതി ആന്റോ ഒളിവിൽ പോയി. ആന്റോയെ തേടി പൊലീസ് തൃശൂരിലെ വീട്ടിലെത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.ഒളിവിൽ പോയ ആന്റോ, മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. പൊലീസ് വീട്ടിൽ റെയ്ഡ് നടത്തി ബുദ്ധിമുട്ടിക്കുന്നുവെന്നാണ് ജില്ല സെഷൻസ് കോടതിയിൽ നൽകിയ ഹരജിയിൽ പറയുന്നു.
കഴിഞ്ഞ ദിവസം മുംബൈയിൽനിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യവെയാണ് മലയാളത്തിലെ യുവനടിക്ക് ദുരനുഭവം ഉണ്ടായത്. അടുത്ത സീറ്റിലിരുന്ന യുവാവ് വാക്കുതർക്കം ഉണ്ടാക്കിയെന്നും ശരീരത്തിൽ സ്പർശിച്ചുവെന്നുമാണ് നടിയുടെ പരാതി. ഇയാൾ മദ്യലഹരിയിലായിരുന്നെന്നും നടിയുടെ പരാതിയിൽ പറയുന്നു.വിമാന ജീവനക്കാരോട് പറഞ്ഞപ്പോൾ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തുകയും പൊലീസിൽ പറയാനും നിർദേശിക്കുകയായിരുന്നു. തന്റെ ഇൻസ്റ്റഗ്രാം പേജിലും നടി താൻ നേരിട്ടതിനെക്കുറിച്ച് വിവരിച്ചിരുന്നു.