കൊച്ചി: ബാടിക് എയർലൈൻ വിമാനത്തിന്റെ എമർജൻസി ഡോർ ശ്രമിച്ച സംഭവത്തിന് പിന്നാലെ വീണ്ടും പരാക്രമവുമായി യുവാവ്.
മജിസ്ട്രേറ്റിന് മുന്നിലാണ് യുവാവ് പരാക്രമം നടത്തിയത്. ജാമ്യ പേപ്പറുകൾ വലിച്ചുകീറിയായിരുന്നു യുവാവിൻ്റെ പരാക്രമം. സംഭവത്തിൽ പൊലീസ് സമയോചിതമായി ഇടപെട്ടു. എന്നാൽ ഇയാൾക്ക് ഗുരുതര മാനസിക പ്രശ്നങ്ങൾ ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കോലാലംപൂരിൽ പൂരിൽ നിന്നും നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചതിനും വിമാനത്തിലെ യാത്രക്കാരോടും ജീവനക്കാരോടും അക്രമാസക്തമായി പെരുമാറിയതിനുമാണ് പാലക്കാട് സ്വദേശിയായ ജംഷീർ അത്താണിക്കലി(36)നെ പൊലീസ് പിടികൂടിയത്. ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമ്പോഴാണ് നാടകീയ സംഭവങ്ങൾ നടന്നത്.
ബുധനാഴ്ച രാത്രി ഇന്ത്യൻ സമയം 9.30നും 11.05നും ഇടയിലാണ് സംഭവം നടന്നത്. ഒഡി 231 നമ്പർ വിമാനത്തിലെ സീറ്റ് നമ്പർ 12എ-യിൽ യാത്ര ചെയ്യുകയായിരുന്നു ജംഷീർ. അപ്രതീക്ഷിതമായി എമർജൻസി എക്സിറ്റ് ഡോർ ബലമായി തുറക്കാൻ ശ്രമിക്കുകയും വിൻഡോ പാനൽ അടിച്ച് തകർക്കുകയുമായിരുന്നു എന്നാണ് എഫ്ഐആറിലുള്ളത്. ഇയാളെ തടയാൻ ശ്രമിച്ച സഹയാത്രികരെയും വിമാനത്തിലെ ക്രൂവിനെയും ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടിലുണ്ട്. യാത്രക്കാരും ക്യാമ്പിൻ ക്രൂവും സമയോചിതമായി നടത്തിയ ഇടപെടലിലാണ് ഇയാളെ കീഴടക്കാനായത്.
വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രികൻ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കൊച്ചി വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ബാട്ടിക് എയർലൈൻസ് സെക്യൂരിറ്റി ഇൻ ചാർജ് ബിന്ദുമോഹൻ നായർ യുവാവിനെതിരെ പരാതി നൽകിയിരുന്നു. പ്രകോപനപരമായ സാഹചര്യങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും ജംഷീർ വാതിൽ തുറക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി.
