ദുബായ്: വിമാനത്തിനുള്ളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് പൂർണമായും നിരോധിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻസ്. ഒക്ടോബർ 10 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. അതേസമയം പ്രത്യേക നിബന്ധനകളോടെ ഉപഭോക്താക്കൾക്ക് പവർ ബാങ്ക് ഓൺബോർഡിൽ കൊണ്ടുപോകാൻ അനുവാദമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. മണിക്കൂറിൽ 100 വാട്ട് താഴെ ദൈർഘ്യമുള്ള ഒരു പവർ ബാങ്ക് ഉപഭോക്താക്കൾക്ക് കൈവശം വയ്ക്കാം. വിമാനത്തിൽ ഏതെങ്കിലും വ്യക്തിഗത ഉപകരണങ്ങൾ ചാർജ് ചെയ്യാൻ പവർ ബാങ്കുകൾ ഉപയോഗിക്കാൻ പാടില്ല. വിമാനത്തിന്റെ പവർ സപ്ലൈ ഉപയോഗിച്ച് പവർ ബാങ്ക് ചാർജ് ചെയ്യാനും അനുമതിയില്ല.
വിമാനത്തിലെ ഓവർഹെഡ് സ്റ്റൗവേജ് ബിന്നിൽ പവർ ബാങ്കുകൾ വയ്ക്കാൻ പാടില്ല. സീറ്റ് പോക്കറ്റിലോ മുന്നിലുള്ള സീറ്റിനടിയിലെ ബാഗിലോ വയ്ക്കാം.
വിമാനങ്ങളിൽ ലിഥിയം ബാറ്ററിയുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ വർദ്ധിച്ചുവരുന്ന എണ്ണം കണക്കിലെടുത്താണ് പുതിയ നിയന്ത്രണം എന്ന് എമിറേറ്റ്സ് എയർലൈൻസ് പ്രസ്താവനയിൽ അറിയിച്ചു. ബാറ്ററി അമിതമായി ചാർജ് ചെയ്താൽ തീപിടുത്തം, സ്ഫോടനം, വിഷവാതകം എന്നിവയ്ക്ക് കാരണമാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ജനുവരിയിൽ ദക്ഷിണാഫ്രിക്കയിൽ ഒരു യാത്രാ വിമാനത്തിൽ ഉണ്ടായ തീപിടുത്തത്തിന് കാരണം പവർ ബാങ്ക് ആണെന്ന് കണ്ടെത്തിയിരുന്നു.