തിരുവനന്തപുരം : വിമാനത്തിനുള്ളിലെ ശുചിമുറിയിൽ സിഗരറ്റ് വലിച്ച യാത്രക്കാരനെതിരെ പൊലീസ് കേസെടുത്തു. ശനി രാവിലെ ദമാമിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് 582-ാം നമ്പർ വിമാനത്തിലെ യാത്രക്കാരൻ ആലപ്പുഴ മാന്നാർ സ്വദേശി മുഹമ്മദ് അലിക്കെതിരെയാണ് (54) വിമാനത്താവളം അധികൃതരുടെ പരാതിയിൽ വലിയതുറ പൊലീസ് കേസെടുത്തത്.
പുക ഉയർന്നതോടെ വിമാനത്തിനുള്ളിലെ അലാറം അടിക്കുകയും ജീവനക്കാർ ഇയാളെ പിടികൂടുകയുമായിരുന്നു. ലാൻഡിങ്ങിനുശേഷം പൈലറ്റ് നൽകിയ വിവരത്തെ തുടർന്ന് എയർ ഇന്ത്യ സീനിയർ സെക്യൂരിറ്റി ഓഫീസർ ഇയാളെ പൊലീസിന് കൈമാറി. തീപിടിക്കുന്ന വസ്തുക്കൾ വിമാനത്തിനുള്ളിൽ കൈവശം സൂക്ഷിക്കരുതെന്ന നിയമം ലംഘിച്ചതിന് കേസെടുത്ത് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.