വിമാനം ലഭിക്കാത്തതിനാൽ നാട്ടിലേക്കുള്ള യാത്ര നീളുന്നു, വിനോദസഞ്ചാരികൾ പരിഭ്രാന്തിയിലാണ്: ടി. സിദ്ദിഖ്

news image
Apr 23, 2025, 9:55 am GMT+0000 payyolionline.in

കോഴിക്കോട്∙ ശ്രീനഗറിൽനിന്നു വിമാനം ലഭിക്കാത്തതിനാൽ നാട്ടിലേക്കുള്ള യാത്ര നീണ്ടുപോകുന്നുവെന്ന് കശ്മീരിലുള്ള ടി.സിദ്ദിഖ് എംഎൽഎ. നിയമസഭാ സബ്ജക്ട് കമ്മിറ്റിയുമായി ബന്ധപ്പെട്ടാണ് കൽപറ്റ എംഎൽഎ ടി.സിദ്ദിഖ്, തിരൂരങ്ങാടി എംഎൽഎ കെ.പി.എ. മജീദ്, നെയ്യാറ്റിൻകര എംഎൽഎ കെ. ആൻസലൻ, കൊല്ലം എംഎൽഎ എം. മുകേഷ് എന്നിവർ ജമ്മുകശ്മീരിൽ എത്തിയത്. ഭീകരാക്രമണം നടക്കുന്ന സ്ഥലത്തുനിന്ന് 80 കിലോമീറ്ററോളം അകലെയായിരുന്നു ഇവരുണ്ടായിരുന്നത്.

ഇന്നു രാവിലെ സെൻട്രൽ പൊലീസ് കൺട്രോൾ റൂമിന് സമീപത്തെ മൈതാനത്തെത്തി മൃതദേഹങ്ങൾക്ക് അന്ത്യാ‍ഞ്ജലി അർപ്പിച്ചെന്ന് ടി.സിദ്ദിഖ് മനോരമ ഓൺലൈനോട് പറ‍ഞ്ഞു. ‘കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവരും ആദരാഞ്ജലി അർപ്പിച്ചു.

കശ്മീർ കമ്മിറ്റിയുമായി ബന്ധപ്പെട്ട സിറ്റിങ്ങ് നടന്നില്ല. മിക്കവാറും റദ്ദാക്കുന്ന അവസ്ഥയിലാണ്. ഇവിടെയെത്തിയ വിനോദ സഞ്ചാരികൾ പരിഭ്രാന്തിയിലാണ്. തദ്ദേശീയരായ ആളുകൾക്ക് വലിയ പേടിയില്ല. അവർ സാധാരണ പോലെ തന്നെ കാര്യങ്ങൾ ചെയ്യുന്നുണ്ട്. ധാരാളം വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നുണ്ട്. കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽ നിന്നുള്ളവരും കുടുങ്ങിയിട്ടുണ്ട്.

മുഖ്യമന്ത്രിയോടും പ്രതിപക്ഷ നേതാവിനോടും സംസാരിച്ച് അവരെ നാട്ടിലെത്തിക്കാനുള്ള നീക്കം നടക്കുകയാണ്. നോർക്കയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഞങ്ങളും തിരിച്ചുവരാൻ ശ്രമിക്കുകയാണ്. നാളെയുള്ള വിമാനത്തിലും സീറ്റ് ലഭിച്ചിട്ടില്ല. വിമാന സർവീസ് കുറവാണ് എന്നതാണ് പ്രശ്നം. അടുത്ത ദിവസം തന്നെ തിരിച്ചെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’’–. ടി. സിദ്ദിഖ് പറഞ്ഞു.

ജമ്മു കശ്മീരില്‍ 258 മലയാളികള്‍ കുടുങ്ങിക്കുന്നതായി വിവരം ലഭിച്ചുവെന്ന് നോര്‍ക്ക അറയിച്ചു. ഇവരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ജമ്മുകശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കു നേരെയുണ്ടായ വെടിവയ്പ്പിൽ 28 പേരാണ് കൊല്ലപ്പെട്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe