വിന്‍ഡോസ് സാങ്കേതിക തകരാർ; കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വൈകുന്നു

news image
Jul 19, 2024, 11:04 am GMT+0000 payyolionline.in
മസ്കറ്റ്: മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം സാങ്കേതിക പ്രശ്നം നേരിടുന്നതിനെ തുടര്‍ന്ന് വിമാനങ്ങള്‍ വൈകുന്നു. മസ്കറ്റിൽ നിന്നും കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് വൈകുന്നത്. ഇതോടെ യാത്രക്കാര്‍ പ്രതിസന്ധിയിലായി.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനത്തെയും പ്രശ്നം ബാധിച്ചിരുന്നതായി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ആഗോള വ്യാപകമായി നിരവധി സേവനങ്ങളെ ബാധിച്ച മൈക്രോസോഫ്റ്റ് വിന്‍ഡോസ് സാങ്കേതിക പ്രശ്നം തങ്ങളുടെ പ്രവര്‍ത്തനത്തെയും താത്കാലികമായി ബാധിച്ചിരുന്നതായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിരീകരിച്ചു. ടെർമിനല്‍ 1, 2 എന്നിവിടങ്ങളിലെ ചില എയർലൈനുകളുടെ ചെക്ക്-ഇൻ പ്രക്രിയയെ ഈ തകരാര്‍ ബാധിച്ചിരുന്നെന്നും തുടര്‍ന്ന് ഈ എയര്‍ലൈനുകള്‍ ഉടന്‍ തന്നെ ഒരു ബദല്‍ സംവിധാനത്തിലേക്ക് മാറിയതായും സാധാരണരീതിയിലുള്ള ചെക്ക്-ഇൻ പ്രവർത്തനങ്ങൾ വേഗത്തിൽ പുനരാരംഭിക്കുകയും ചെയ്തതായി എയര്‍പോര്‍ട്ട് വക്താവിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം വിൻഡോസിലെ സാങ്കേതിക പ്രശ്നം കാരണം ചെക് ഇൻ സാധിക്കാത്തതിനാൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഏഴ് വിമാന സർ‍വീസുകളാണ് വൈകുന്നത്. വിവിധ എയർ ലൈനുകളുടെ വിമാനങ്ങളാണ് വൈകുന്നത്. സോഫ്റ്റ്‍വെയറില്‍ നിന്ന് മാറി മാനുവലായി സർവീസ് ക്രമീകരിക്കും. വിമാനങ്ങള്‍ തൽക്കാലം ക്യാൻസൽ ചെയ്യില്ല.

ബെംഗളൂരു, ഗോവ വിമാനത്താവളങ്ങളിലും ചെക് ഇൻ തടസം മൂലം യാത്രക്കാര്‍ കുടുങ്ങി. ബെംഗളൂരു വിമാനത്താവളത്തിൽ 10.40 മുതൽ വിമാന സർവീസുകൾ തടസ്സം നേരിടുന്നു. ടെർമിനൽ 1-ലെ ഇൻഡിഗോ, അകാസ, സ്‌പൈസ് ജെറ്റ് എന്നീ വിമാന സർവീസുകൾ തടസ്സപ്പെട്ടു. ടെർമിനൽ 2-വിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസിലും തടസ്സം നേരിട്ടു. നിലവിൽ നടക്കുന്നത് മാന്വൽ ചെക്ക് ഇൻ ആണ്. വെബ് ചെക് ഇൻ സാധ്യമാകുന്നില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe