വിനോദയാത്ര ബസ് തൂണിലിടിച്ച് വിദ്യാർഥിനി മരിച്ചു; അപകടം മദ്റസയിൽ നിന്ന് വാഗമണ്ണിൽ പോയി വരുന്നതിനിടെ

news image
Dec 30, 2024, 3:34 am GMT+0000 payyolionline.in

 

മലപ്പുറം: മദ്റസയിൽ നിന്ന് വിനോദയാത്ര പോയി തിരിച്ചുവരുന്നതിനി​ടെ ടൂറിസ്റ്റ് ബസ് അപകടത്തിൽപെട്ട് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുല്‍ ഇസ്‍ലാം ഹയര്‍ സെക്കഡറി മദ്റസയിലെ വിദ്യാര്‍ഥിയും കർളികാടൻ മുജീബിൻ്റെ മകളുമായ ഫാത്തിമ ഹിബ (17) ആണ് മരിച്ചത്. ഒഴൂർ ക്രസൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിനിയാണ്.

ദേശീയപാത 66 വെളിയങ്കോട് മേൽപാലത്തിൽ ഇന്ന് പുലര്‍ച്ചെ 3.45നായിരുന്നു അപകടം. ബസ് മേൽപാലത്തിന്റെ കൈവരിയില്‍ ഇടിക്കുകയായിരുന്നു. കൈവരിയില്‍ സ്ഥാപിച്ച തെരുവുവിളക്കിന്റെ തൂണില്‍ തല ഇടിച്ചാണ് മരണം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

രണ്ടു വിദ്യാര്‍ഥികള്‍ക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹിബയുടെ മൃതദേഹം കുറ്റിപ്പുറം താലൂക്ക് ഗവ. ആശുപത്രി മോര്‍ച്ചയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുല്‍ ഇസ്‍ലാം മദ്റസയില്‍നിന്ന് വാഗമണ്ണിലേക്ക് വിനോദയാത്ര പോയി തിരിച്ചു വരികെയാണ് ബസ് അപകടത്തില്‍പ്പെട്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe