പാലക്കാട് ∙ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കേസിലെ പ്രതി എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യയെ കണ്ടെത്താൻ അന്വേഷണസംഘം വിപുലീകരിച്ചു. കേസെടുത്തു 10 ദിവസം കഴിഞ്ഞും വിദ്യയെ കണ്ടെത്താനാവാതെ വന്നതോടെയാണു പൊലീസിന്റെ പുതിയ നീക്കം.
സൈബർ സെല്ലിന്റെ സഹായത്തോടെ വിദ്യയെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നു പൊലീസ് പറയുന്നു. കൊച്ചിയിലുണ്ടായിരുന്ന വിദ്യ, അന്വേഷണം ശക്തമായതോടെ കോഴിക്കോട് മേഖലയിലേക്കു മാറിയെന്നാണു പൊലീസ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസം കാലടി സംസ്കൃത സർവകലാശാലയിൽ എത്തിയ അന്വേഷണസംഘം വിദ്യയുടെ സുഹൃത്തുക്കളെക്കുറിച്ച് അന്വേഷിക്കുകയും അവരുടെ വീടുകളിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു.
അഗളി ഡിവൈഎസ്പി എൻ.മുരളീധരൻ, ഇൻസ്പെക്ടർ കെ.സലീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിൽ പുതൂർ എസ്ഐ വി.ജയപ്രസാദ്, സിവിൽ പൊലീസ് ഒാഫിസർമാരായ പി.വിനു, എം.ഷഫീഖ്, കെ.കെ.അനീസ്, പി.സുഭാഷ്, പി.ഡി.ദേവസ്യ, കെ.എം.പ്രിൻസ്, ബിന്ദു ശിവൻ, ബി.വിനീത്കുമാർ എന്നിവരെയാണു പുതുതായി ഉൾപ്പെടുത്തിയത്. വിദ്യ ഗെസ്റ്റ് അധ്യാപികയായി ജോലി ചെയ്ത പത്തിരിപ്പാല ഗവ.കോളജിലെ ഇന്റർവ്യൂ പാനൽ അംഗങ്ങളുടെ മൊഴി പൊലീസ് ഇന്നു രേഖപ്പെടുത്തും. തൃശൂർ കൊളീജിയറ്റ് എജ്യുക്കേഷൻ ഡപ്യൂട്ടി ഡയറക്ടർ ഓഫിസിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഇന്ന് അട്ടപ്പാടി ഗവ.കോളജ് പ്രിൻസിപ്പൽ, ഇൻർവ്യു ബോർഡ് അംഗങ്ങൾ എന്നിവരുടെ മൊഴി രേഖപ്പെടുത്തും.