തിരുവനന്തപുരം: ക്ഷേത്രവളപ്പിൽ മൂത്രമൊഴിച്ചത് ചോദ്യംചെയ്ത പത്താം ക്ലാസ് വിദ്യാർഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ പൂവച്ചൽ പുളിങ്കോട് സ്വദേശി പ്രിയരഞ്ജന്റെ (42) ജാമ്യാപേക്ഷ കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി തള്ളി. ഈ മാസം 12ന് പ്രിയരഞ്ജനെ റിമാൻഡ് ചെയ്തിരുന്നു.
തന്റെ കക്ഷി നിരപരാധിയാണെന്നും ജാമ്യത്തിനായി എന്തു നിബന്ധനവച്ചാലും അംഗീകരിക്കുമെന്നും പ്രതിക്കായി ഹാജരായ അഭിഭാഷകൻ മടവൂർപ്പാറ ജി.ആർ.രാജീവ് കുമാർ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷൻ ഇതിനെ എതിർത്തു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപിച്ചിരുന്നു. തെളിവ് നശിപ്പിക്കാനുള്ള സാധ്യതയുള്ളതിനാലും അന്വേഷണം പ്രാരംഭഘട്ടത്തിലായതിനാലും കോടതി ജാമ്യം നിഷേധിച്ചു.
കഴിഞ്ഞമാസം 30നാണ് പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിനു സമീപം സംഭവം നടന്നത്. പുളിങ്കോട് ‘അരുണോദയ’ത്തിൽ ആദിശേഖർ (15) ആണ് മരിച്ചത്. ആദ്യം അപകടമരണമെന്നായിരുന്നു ബന്ധുക്കൾ കരുതിയത്. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസെടുത്തത്. സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് മനപൂര്‍വം വാഹനമിടിച്ച് കൊലപ്പെടുത്തിയതെന്ന് മനസിലായത്. സംഭവത്തിനുശേഷം കാർ ഉപേക്ഷിച്ച് തമിഴ്നാട്ടിലേക്ക് കടന്ന പ്രതിയെ അവിടെവച്ചാണ് പൊലീസ് അറസ്റ്റു ചെയ്തത്.