വിദ്യാർത്ഥികൾ മറക്കല്ലേ..ഗ്രേസ് മാർക്ക് ലഭിക്കാനുള്ള അവസരം 22ന് അവസാനിക്കും

news image
Apr 21, 2025, 4:30 pm GMT+0000 payyolionline.in

തിരുവനന്തപുരം:എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എസ്എസ്എൽസി (എച്ച്.ഐ), ടിഎച്ച്എസ്എൽസി (എച്ച്.ഐ) പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹത നേടിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ നൽകുന്നതിനുള്ള സമയം ഏപ്രിൽ 22ന് അവസാനിക്കും. ഗ്രേസ് മാർക്കിന് അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനായി അ‌പ് ലോഡ് ചെയ്യുന്നതിനായുള്ള സമയപരിധി 22/04/2025 വരെയാണ് നീട്ടി നൽകിയിട്ടുള്ളത്. എല്ലാ വിദ്യാഭ്യാസ ഉപഡയറക്‌ടർമാരും ഏപ്രിൽ 25ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഗ്രേസ് മാർക്ക് നടപടികൾ പൂർത്തീകരിക്കണം എന്നാണ് നിർദേശം.

എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളുടെ ഗ്രേസ് മാർക്ക് ഈ വർഷം ഉയർത്തിയിട്ടുണ്ട്.
ദേശീയ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷയിൽ ലഭിക്കുന്ന ഗ്രേസ് മാർക്കാണ് ഉയർത്തിയത്. സംസ്‌ഥാന സ്‌കൂൾ കായികമേളയിൽ 8-ാം സ്ഥാനം വരെ നേടുന്നവർക്കും ഇനി ഗ്രേസ് മാർക്ക് ലഭിക്കും. സ്‌കൂൾ സോഷ്യൽ സർവീസ് സ്കീമിനും ഗ്രേസ് മാർക്ക് ലഭിക്കും.
സ്കൂൾ സോഷ്യൽ സർവീസ് സ്‌കീമിനും ഗ്രേസ് മാർക്ക് ഏർപ്പെടുത്തി. ദേശീയ കായിക മത്സരങ്ങളിൽ ഒന്നാം സ്‌ഥാനം നേടുന്നവർക്ക് ഗ്രേസ് മാർക്ക് 50 ആയി തുടരും. രണ്ടാം സ്ഥാനക്കാർക്ക് 45 (കഴിഞ്ഞ വർഷം 40), മൂന്നാം സ്ഥാനക്കാർക്ക് 40 (30), പങ്കെടുക്കുന്നവർക്ക് 35 (25) എന്നിങ്ങനെയാണ് വർധന. സംസ്ഥ‌ാന തലത്തിൽ വിദ്യാഭ്യാസ വകുപ്പും സ്പോർട്‌സ് കൗൺസിൽ അംഗീകരിച്ച അസോസിയേഷനുകളും നടത്തുന്ന കായിക മത്സരങ്ങളിൽ ആദ്യ നാലു സ്ഥാനക്കാർക്ക് 20, 17, 14, 7 മാർക്ക് വീതമായിരുന്നു കഴിഞ്ഞ തവണ.
ഇതിൽ നാലാം സ്ഥാനക്കാർക്ക് 10 മാർക്കായി വർധിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മത്സരങ്ങളിലെ 5 മുതൽ 8 വരെ സ്ഥാനക്കാർക്ക് യഥാക്രമം 8, 6, 4, 2 മാർക്ക് വീതം ഏർപ്പെടുത്തി. സ്‌കൂൾ സോഷ്യൽ സർവീസ് സ്കീമിൽ എ ഗ്രേഡിന് 25, ബി ഗ്രേഡിന് 15, സി ഗ്രേഡിന് 10 എന്നിങ്ങനെയാണ് ഗ്രേസ് മാർക്ക്. മറ്റു വിഭാഗങ്ങളിലെല്ലാം നിലവിലുള്ളത് തുടരും.
പരീക്ഷയിൽ 90% മാർക്കോ അതിനു മുകളിലോ ലഭിച്ചവർക്ക് ഗ്രേസ് മാർക്കിന്റെ ആനുകൂല്യം ലഭിക്കില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe