വെള്ളിമാട്കുന്ന്: സഹപാഠികളായ വിദ്യാർഥികളെ ക്രൂരമായി മർദിച്ച് രംഗം വിഡിയോയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത് വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം എൻ.ജി.ഒ ക്വാട്ടേഴ്സ് ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിലെ വിദ്യാർഥികൾ സംഘം ചേർന്ന് എലത്തൂർ സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച് വിഡിയോ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചിരുന്നു. ഇതിന് മുമ്പും ഇത്തരത്തിലുള്ള സംഭവം ഇതേ സ്കൂളിൽ തന്നെ നടന്നിരുന്നു. വ്യാജ ഐഡികൾ ഉപയോഗിച്ചാണ് വിഡിയോ പ്രചരിപ്പിക്കുന്നത്.
ആക്രമണ വിഡിയോ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നീക്കം ചെയ്യുന്നതിന് പ്രിൻസിപ്പൽ റഷീദലി സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്. കലാലയങ്ങളിൽ നിരോധിച്ച റാഗിങ് മറ്റൊരു രീതിയിൽ തിരിച്ചുവരുകയാണെന്ന് രക്ഷിതാക്കളും അധ്യാപകരും പറയുന്നു. മറ്റ് വിദ്യാർഥികളിൽ ഭീതിയുളവാക്കുന്ന രീതിയിലാണ് ആക്രമണം. ഇരുചക്ര വാഹനങ്ങൾ കൊണ്ടുവരുന്നവരെയും വിലകൂടിയ മൊബൈൽ ഫോണും പണവും കൊണ്ടുവരുന്ന വിദ്യാർഥികളെയും നോട്ടമിട്ടാണ് ആക്രമണം. ഇവരിൽനിന്ന് സംഘം പലതും നേടിയെടുക്കുകയുമാണ്. അക്രമി സംഘം ഭീഷണിപ്പെടുത്തുന്നതുകൊണ്ടാണ് പല വിദ്യാർഥികളും പുറത്തു പറയാത്തതെന്നും അധ്യാപകർ പറയുന്നു.