കണ്ണൂർ: ഓൺലൈനിലൂടെ പശു വാങ്ങാൻ ശ്രമിച്ചയാൾക്ക് നഷ്ടപ്പെട്ടത് ഒരു ലക്ഷം രൂപ. യൂട്യൂബിൽ വലിയ ഓഫറിൽ പശുക്കളെ വിൽക്കുന്നുണ്ടെന്നുള്ള വിഡിയോ പരസ്യം കണ്ടാണ് പശുവിന് ഓർഡർ ചെയ്തത്. വിഡിയോയിൽ കണ്ട നമ്പറിൽ വിളിച്ചപ്പോൾ ആധാർകാർഡ്, പാൻകാർഡ് വിവരങ്ങളും ഫാമിലെ പശുക്കളുടെ ഫോട്ടോയും വിഡിയോയും നൽകി വിശ്വസിപ്പിക്കുകയായിരുന്നു.
ഇതോടെ ഇയാൾ പണം ഗൂഗിൾ പേ വഴിയും അക്കൗണ്ട് വഴിയും നൽകി. പിന്നീട് പശുക്കളെ വാഹനത്തിൽ കയറ്റി അയക്കുന്ന ഫോട്ടോയും വിഡിയോയും വാട്സാപ്പ് വഴി ലഭിച്ചു. ഏറെ നാൾ കഴിഞ്ഞും പശുവിനെ ലഭിക്കാതായപ്പോൾ ഫോൺ വഴി ബന്ധപ്പട്ടെങ്കിലും യാതൊരു വിവരവും ലഭിക്കാതതിനെ തുടർന്നാണ് തട്ടിപ്പിനിരയായെന്ന് മനസ്സിലായത്. ഓൺലൈനിലൂടെ പശുവിനെ കാണിച്ച് വിറ്റ വിരുതനെ തേടുകയാണ് പൊലീസ്. ഒപ്പം ഇനിയങ്ങനെയാരും പെട്ടുപോകരുതെന്ന ഓർമപ്പെടുത്തലും.
ഇതുകൂടാതെ ട്രേഡിങ്ങിനായി പണം നൽകിയ താണ സ്വദേശിക്ക് 7,04,450രൂപയും നഷ്ടപ്പെട്ടു. ഇൻസ്റ്റഗ്രാമിൽ ട്രേഡിങ് സംബന്ധമായ വിഡിയോ കണ്ട് ട്രേഡിങ് ചെയ്യുന്നതിനായി വിവിധ അക്കൗണ്ടിലേക്ക് പണം നല്കിയ ശേഷം വെബ്സൈറ്റ് വഴി ട്രേഡ് ചെയ്യുകയും ചെയ്ത പരാതിക്കാരന് നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭവിഹിതമോ നല്‍കാതെ ചതി ചെയ്യുകയായിരുന്നു. പരസ്യം കണ്ട് വാട്സ്ആപ്പിൽ വഴി പാര്‍ട്ട് ടൈം ജോലി ചെയ്യുന്നതിനായി പണം നൽകിയതിന് മട്ടന്നൂർ സ്വദേശിക്ക് 13,392 രൂപയും നഷ്ടപ്പെട്ടു.