മറാത്ത ഭരണാധികാരി ഛത്രപതി സംബാജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ‘ഛാവ’ എന്ന ബയോപിക് സിനിമക്ക് ഗോവയിലും മധ്യപ്രദേശിലും നികുതി ഇളവ്. വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് ഛാവ. ഫെബ്രുവരി 14 ന് ഇറങ്ങിയ ചിത്രത്തിൽ സംഭാജി മഹാരാജാവിന്റെ ഭാര്യയായ മഹാറാണി യേശുഭായ് ഭോൻസാലയെയി വേഷം ചെയ്തിരിക്കുന്നത് രശ്‌മിക മന്ദാനയാണ്.
ഛത്രപതി സംബാജി മഹാരാജിന്റെ ത്യാഗം ജനങ്ങൾക്ക് പ്രചോദനമാണെന്ന് ഗോവൻ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എക്‌സിലൂടെ വ്യക്തമാക്കി. ഛത്രപതി സംബാജി മഹാരാജിന്റെ ജീവിതത്തെയും ത്യാഗത്തെയും ആസ്പദമാക്കി നിർമ്മിച്ച ഛാവക്ക് ഗോവയിൽ നികുതി ഒഴിവാക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിക്കി കൗശൽ അവതരിപ്പിച്ച ഈ ചിത്രം മഹത്തായ ചരിത്രത്തെ സ്‌ക്രീനിലേക്ക് കൊണ്ടുവരുന്നതാണ്. മുഗളന്മാരായ പോർച്ചുഗീസുകാർക്കെതിരെ ധീരമായി പോരാടിയ രണ്ടാമത്തെ ഛത്രപതിയുടെ ത്യാഗം നമുക്കെല്ലാവർക്കും പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും സംസ്ഥാനത്ത് ചിത്രത്തിന് നികുതി ഇളവ് നൽകുമെന്ന് പ്രഖ്യാപിച്ചു. ഛത്രപതി സംബാജിയുടെ പിതാവും മറാത്ത സാമ്രാജ്യ സ്ഥാപകനുമായ ഛത്രപതി ശിവാജി മഹാരാജാവിന്റെ 395-ാം ജന്മവാർഷികത്തിലാണ് ഇരു സംസ്ഥാനങ്ങളുടെയും പ്രഖ്യാപനം.