തിരുവനന്തപുരം: ‘വാഹൻ’ സോഫ്റ്റ്‌വേറിൽ ക്രമക്കേടുകാണിച്ച് ഉടമയറിയാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റിയതിനുപിന്നിൽ ഉദ്യോഗസ്ഥരും ഇടനിലക്കാരും ഉൾപ്പെട്ട സംഘം. മലപ്പുറം, എറണാകുളം, കോട്ടയം ജില്ലകൾ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം. 1000 മുതൽ 2000 രൂപവരെയാണ് ഒരു അപേക്ഷയ്ക്ക് പ്രതിഫലം. മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇവർ തിരിമറിനടത്തുന്നത്.
സോഫ്റ്റ്‌വേറിലുള്ള ഉടമയുടെ മൊബൈൽ നമ്പർ ഉദ്യോഗസ്ഥരുടെ സഹായത്തോടെ നീക്കംചെയ്യുകയും ഇടനിലക്കാരുടെ നമ്പർ ഉൾക്കൊള്ളിക്കുകയും ചെയ്യും. ഈ നമ്പറിലേക്കുവരുന്ന ഒറ്റത്തവണ പാസ്‌വേർഡ് ഉപയോഗിച്ച് അപേക്ഷ പൂർത്തീകരിച്ചശേഷം തെളിവുനശിപ്പിക്കാൻ മൊബൈൽ നമ്പർ പഴയപടിയാക്കും.
മോട്ടോർവാഹനവകുപ്പ് ഓഫീസുകളിലെ ജീവനക്കാർക്ക് വാഹനരേഖകളിലെ മൊബൈൽ നമ്പർ മാറ്റാൻ അനുമതി നൽകിയിട്ടുണ്ട്. ഇതാണ് ചിലർ ദുരുപയോഗംചെയ്യുന്നത്. വായ്പാ കുടിശ്ശികയുള്ള വാഹനത്തിന്റെ ഉടമസ്ഥാവകാശം ഉടമ അറിയാതെ ധനകാര്യസ്ഥാപനത്തിനുവേണ്ടി മാറ്റിയതിൽ പരാതിയുയർന്നപ്പോഴാണ് ഹാക്കർമാരാണ് പിന്നിലെന്ന വിശദീകരണം ചില ഉദ്യോഗസ്ഥർ നൽകിയത്. അപേക്ഷയുടെ സോഫ്റ്റ്‌വേർ ലോഗ് പരിശോധിച്ചാൽ ക്രമക്കേട് കാണിച്ചവരെ കണ്ടെത്താനാകുമെങ്കിലും അത്തരമൊരു നടപടിയിലേക്ക് മോട്ടോർവാഹനവകുപ്പ് കടന്നിട്ടില്ല.