കോഴിക്കോട് : വാഹനപരിശോധനയ്ക്കിടെ കൈകാണിച്ച് നിർത്താതെപോയ വാഹനത്തെ പിൻതുടർന്ന് സാഹസികമായി പിടികൂടുകയും, പരിശോധനയിൽ വാഹനത്തിൽനിന്നും 5 ഗ്രാം കഞ്ചാവ് സഹിതം വയനാട് ചുള്ളിയോട് സ്വദേശി പുത്തൻവീട്ടിൽ മുഹമ്മദ് ഷിനാസ് (23 വയസ്സ്), മലപ്പുറം പാറപ്പുറം സ്വദേശി നടുവിൽ കരുമാൻ കുഴിയിൽ ഷബീബ് (21 വയസ്സ്) എന്നിവരെയാണ് വെള്ളയിൽ പേലീസ് പിടികൂടിയത്.
ഏപ്രിൽ 5 ന് രാവിലെ തൊടിയിൽ ബീച്ച് പരിസരത്ത് വെള്ളയിൽ പോലീസ് സ്റ്റേഷനിലെ SI യും സംഘവും വാഹനപരിശോധന നടത്തുന്നതിനിടെ അപകടകരമായ രീതിയിൽ അമിതവേഗതയിൽ ഓടിച്ചുവന്ന താർ എസ്.യു.വി നിർത്താതെ പോയതിനെ തുടർന്ന് പോലീസ് സംഘം പിൻതുടർന്ന് ഭട്ട് റോഡ് റെയിൽവെ ഗേറ്റിന് സമീപത്തുവെച്ച് പിടികൂടുകയും, വാഹനവും പ്രതികളെയും പരിശോധിച്ചതിൽ വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവ് സഹിതം പ്രതികളെ പിടികൂടുകയും വാഹനം സഹിതം കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
പ്രതികൾ ഇതിന് മുൻപും മയക്കുമരുന്ന് കേസിൽ പിടിയിലായിട്ടുണ്ടെന്നും, വയനാട് സ്വദേശി ഷിനാസിന് വയനാട് ജില്ലയിലെ അഴിരൂർ, നൂൽപ്പുഴ, കൽപ്പറ്റ, മേപ്പാടി, അമ്പലവയൽ എന്നീസ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗിച്ചതിനും, വിൽപ്പനയിക്കായി സൂക്ഷിച്ച MDMA യും കഞ്ചാവും സഹിതം പിടിയിലായതിനും, അടിപിടിയും കവർച്ചയും നടത്തിയതിനും മറ്റുമായി നിരവധി കേസ്സുകൾ നിലവിലുണ്ടെന്നും, ഇയാൾ സ്ഥിരം കുറ്റവാളിയായതിനാൽ അമ്പലവയൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്റുടെ റിപ്പോർട്ട് പ്രകാരം 2024 ൽ കാപ്പ ചുമത്തി നാടുകടത്തുകയും, പ്രതി കാപ്പ നിയമലംഘനം നടത്തിയതിൽ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തിട്ടുള്ളതാണെന്ന് പോലീസ് പറഞ്ഞു.
വെള്ളയിൽ പോലീസ് സ്റ്റേഷനിലെ SI മാരായ ജയേഷ്, ശ്യാം, SCPO മാരായ രതീഷ്, ദീപു CPO മാരായ സജിത്, ഷിനിൽ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.