വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപണം; പാലക്കാട്ട് 20കാരനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു, അസഭ്യം പറഞ്ഞു

news image
May 27, 2025, 12:52 pm GMT+0000 payyolionline.in

പാലക്കാട്: ആദിവാസി യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചതായി പരാതി. ചിറ്റൂർ സ്വദേശി ഷിജുവിന് (20) ആണ് പരുക്കേറ്റത്. വാഹനത്തിനു മുന്നിലേക്ക് എടുത്ത് ചാടിയെന്ന് ആരോപിച്ച് ഡ്രൈവറും ക്ലീനറും ചേർന്നാണ് മർദിച്ചതെന്ന് ഷിജു പറഞ്ഞു. പരുക്കേറ്റ ഷിജുവിനെ കോട്ടത്തറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അഗളി ചിറ്റൂർ കട്ടേക്കാട് ഈ മാസം 24ന് ഉച്ചകഴിഞ്ഞാണ് സംഭവം. ക്ഷീരസംഘങ്ങളിൽനിന്ന് പാൽ സംഭരിച്ച് മിൽമ ഡയറിയിലേക്ക് കൊണ്ടുപോകുന്ന പിക്കപ് വാനിനു മുന്നിലേക്കാണ് ഷിജു വീണത്. റോഡിലൂടെ നടക്കുമ്പോൾ കല്ലിൽ തട്ടി വാഹനത്തിനു മുന്നിലേക്ക് വീണെന്നാണ് ഷിജു പറയുന്നത്. എന്നാൽ മനഃപൂർവം വാഹനത്തിനു മുന്നിലേക്ക് ചാടിയതാണെന്ന് ആരോപിച്ച് ഡ്രൈവറും ക്ലീനറും ചേർന്ന് മർദിക്കുകയും അസഭ്യം പറയുകയുമായിരുന്ന‌െന്ന് ഷിജു പറഞ്ഞു.

അടിപിടിയായതോടെ ഷിജു എടുത്തെറിഞ്ഞ കല്ല് കൊണ്ട് വാഹനത്തിന്റെ ചില്ല് തകർന്നു. തുടർന്ന് ഷിജുവിനെ വഴിയിലൂടെ വലിച്ചിഴച്ച് സമീപമുള്ള വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് ഡ്രൈവറും ക്ലീനറും മർദിക്കുകയും കടന്നുകളയുകയും ചെയ്തു. ഇതുവഴി വന്ന പരിചയക്കാരാണ് ഷിജുവിനെ പോസ്റ്റിൽ കെട്ടിയിട്ടിരിക്കുന്നത് കണ്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കയർ കെട്ടിയതിന്റെ പാടുകൾ ഉൾപ്പെടെ ശരീരത്തിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ഷിജുവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കേസ് റജിസ്റ്റർ ചെയ്യും. അതേസമയം, മദ്യലഹരിയിൽ വാഹനം തടഞ്ഞെന്ന് ആരോപിച്ച് ഡ്രൈവറും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe