നാദാപുരം: വാണിമേലിലെ വ്യാപാരി പരപ്പുപാറ കുഞ്ഞാലി ഹാജിയുടെ വീടിനു നേരെ ബോംബ് എറിഞ്ഞത് കണ്ണൂർ ജില്ലയിൽ നിന്നുള്ള ക്വട്ടേഷൻ സംഘമെന്നു പൊലീസ് കണ്ടെത്തി. കുഞ്ഞാലി ഹാജിയോട് വ്യാപാര ഇടപാടുമായി ബന്ധപ്പെട്ട് വിരോധമുള്ള ചിലരാണ് ക്വട്ടേഷൻ നൽകിയത്. ഇതിനുള്ള സഹായങ്ങൾ ചെയ്ത 2 പേരെ വളയം പൊലീസ് അറസ്റ്റ് ചെയ്തു. 4 ക്വട്ടേഷൻ സംഘാംഗങ്ങൾ പൊലീസ് കസ്റ്റഡിയിലുണ്ട്.
തൂണേരി വേറ്റുമ്മലിലെ മുള്ളൻകുന്നത്ത് വരിക്കോളി ഷിധിൻ (28)ആണ് ഈ കേസിൽ ആദ്യം അറസ്റ്റിലായത്. കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി ഫായിസ് (24) ഇന്നലെയും അറസ്റ്റിലായി. ഇവർ ഇരുവരും റിമാൻഡിലാണ്. ഫായിസ് ബെംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്നു. ബോംബേറിനു ശേഷം പ്രതികൾ പോകാൻ ശ്രമിച്ച കാർ കസ്റ്റഡിയിൽ എടുത്തതോടെയാണു തുമ്പ് ലഭിക്കുന്നത്. തുടർന്നു പൊലീസ് വ്യാപക തിരച്ചിൽ നടത്തുകയും ഫോൺ കോളുകൾ പരിശോധിക്കുകയും ചെയ്തു. ഈ സംഘം നടത്തിയ മറ്റു ആക്രമണങ്ങൾ സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. വളയം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.