കൊച്ചി > കേരളത്തിന്റെ ജലഗതാഗത രംഗത്ത് മാറ്റം കൊണ്ടുവന്ന സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ കളമശ്ശേരി മണ്ഡലത്തിലേക്കും. വ്യാഴാഴ്‌ച വൈകീട്ട് 5.30ന് നടക്കുന്ന ചടങ്ങിൽ ഏലൂർ വാട്ടർ മെട്രോ ടെർമിനൽ ഉൾപ്പെടെ 4 ടെർമിനലുകൾ മുഖ്യമന്ത്രി നാടിന് സമർപ്പിക്കും.
നാല് ടെർമിനലുകൾ കൂടി ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ രണ്ട് പുതിയ റൂട്ടുകളിലാണ് കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ആരംഭിക്കുക. ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് ബോൾഗാട്ടി, മുളവുകാട് നോർത്ത് ടെർമിനലുകൾ വഴി സൗത്ത് ചിറ്റൂർ ടെർമിനൽ വരെയാണ് ഒരു റൂട്ട്. സൗത്ത് ചിറ്റൂർ ടെർമിനലിൽ നിന്ന് ഏലൂർ ടെർമിനൽ വഴി ചേരാനെല്ലൂർ ടെർമിനൽ വരെയുള്ളതാണ് മറ്റൊരു റൂട്ട്. ഇതോടെ 9 ടെർമിനലുകളിലായി 5 റൂട്ടിലേക്ക് കൊച്ചി വാട്ടർ മെട്രോ വളരുകയാണ്.
സർവ്വീസ് ആരംഭിച്ച് ചുരുങ്ങിയ കാലയളവിൽ തന്നെ ലോകശ്രദ്ധ നേടാൻ കൊച്ചി വാട്ടർ മെട്രോയ്ക്ക് സാധിച്ചു. ഫോർട്ട് കൊച്ചി ടെർമിനലിൽ നിന്നും അധികം വൈകാതെ തന്നെ സർവ്വീസുകൾ ആരംഭിക്കും.