ഉജ്ജയിൻ∙ മധ്യപ്രദേശിൽ പീഡനത്തിനിരയായ പെൺകുട്ടിക്ക് രക്ഷകനായത് ബാഗ്നഗർ റോഡിലെ ആശ്രമത്തിലെ പുരോഹിതൻ. തിങ്കളാഴ്ച രാവിലെ ഒൻപതരയോടെ ആശ്രമത്തിൽനിന്നു പുറത്തേക്ക് പോകുമ്പോൾ ഗെയ്റ്റിന്റെ പരിസരത്താണ് അർധനഗ്നയായി രക്തമൊലിപ്പിച്ച് പെൺകുട്ടിയെ കണ്ടതെന്ന് പുരോഹിതനായ രാഹുൽ ശർമ പറഞ്ഞു.
‘‘പെൺകുട്ടിയെ കാണുപ്പോൾ അർധനഗ്നയായി രക്തമൊലിച്ചു നിൽക്കുകയായിരുന്നു. തുടർന്ന് അവൾക്ക് വസ്ത്രം നൽകുകയും പൊലീസിൽ അറിയിക്കുകയുമായിരുന്നു. 20 മിനിറ്റിനുശേഷമാണ് പൊലീസ് എത്തിയത്. സുരക്ഷിതമായ സ്ഥലത്താണെന്നു പറഞ്ഞിട്ടും അവൾക്ക് ഒന്നും സംസാരിക്കാൻ സാധിച്ചിരുന്നില്ല. വേറെ ചിലർ വന്ന് പെൺകുട്ടിയോടു സംസാരിക്കാൻ ശ്രമിച്ചെങ്കിലും തന്റെ പിന്നിൽ ഒളിക്കുകയാണുണ്ടായത്. തുടർന്ന് പൊലീസ് എത്തിയപ്പോൾ തന്റെ ഒപ്പമാണു സ്റ്റേഷനിലേക്കു വരാൻ കൂട്ടാക്കിയത്. കുട്ടിയുടെ സ്ഥലം എവിടെയാണെന്നുള്ള ചോദ്യത്തിന് ആദ്യം മറുപടി നൽകിയിരുന്നില്ല. പിന്നീട് ചില സ്ഥലങ്ങളുടെ പേര് പറഞ്ഞെങ്കിലും തിരിച്ചറിയാൻ സാധിച്ചില്ല’’– മിശ്ര പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്നും പെൺകുട്ടിയുടെ ആരോഗ്യ നിലയിൽ കുഴപ്പമില്ലെന്നും ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അറിയിച്ചു. ഉത്തർപ്രദേശിൽനിന്നു വന്നതാണ് പെൺകുട്ടിയെന്നാണ് പ്രാഥമിക വിവരം.
മധ്യപ്രദേശിലെ ഉജ്ജയിനിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ചോരയൊലിപ്പിച്ച് അലറിക്കരഞ്ഞ് വാതിലില് മുട്ടിയിട്ടും സഹായിക്കാതെ നാട്ടുകാർ ആട്ടിപ്പായിച്ചത് വൻ പ്രതിഷേധത്തിനു വഴിവച്ചിരുന്നു. ബലാത്സംഗത്തിന് ഇരയായ പന്ത്രണ്ടുകാരിയെയാണു സഹായം അഭ്യർഥിച്ച് എത്തിയപ്പോൾ നാട്ടുകാർ ആട്ടിപ്പായിച്ചത്. പെൺകുട്ടി അർധനഗ്നയായി ചോരയൊലിപ്പിച്ച് ഓരോ വീടിന്റെയും വാതിലിൽ മുട്ടുന്ന ചിത്രം പുറത്തുവന്നിരുന്നു.. മധ്യപ്രദേശിലെ ഉജ്ജയിനിൽനിന്ന് 15 കിലോമീറ്റർ അകലെ ബാഗ്നഗർ റോഡിലെ സിസിടിവിയിലാണ് നിന്നാണ് ദൃശ്യം ലഭിച്ചത്.