കണ്ണൂർ ∙ പാറക്കലിൽ 4 മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് പന്ത്രണ്ട് വയസ്സുകാരിയാണെന്ന് സ്ഥിരീകരിച്ചു. മരിച്ച കുഞ്ഞിന്റെ പിതാവ് മുത്തുവിന്റെ സഹോദരന്റെ മകളായ 12 വയസുകാരി മാതാപിതാക്കളില്ലാത്തതിനാൽ മുത്തുവിനും ഭാര്യക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ ജീവിതത്തിലേക്ക് പുതിയ കുഞ്ഞ് വന്നതോടെ തന്നോടുള്ള സ്നേഹം കുറയുമോയെന്ന് പന്ത്രണ്ടുകാരി ഭയന്നു. സ്നേഹം കുറഞ്ഞുപോയതിലെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് വഴിയൊരുക്കിയത്.
മുത്തുവിനും ഭാര്യയ്ക്കും അരികെയാണ് 4 മാസം പ്രായമായ കുഞ്ഞ് ഇന്നലെ രാത്രി കിടന്നിരുന്നത്. ഇടയ്ക്ക് കുഞ്ഞിനെ കാണാതാവുകയായിരുന്നു. താൻ മൂത്രം ഒഴിക്കാൻ വേണ്ടി ഉണർന്നപ്പോൾ കുഞ്ഞ് ഉറങ്ങുന്നത് കണ്ടിരുന്നതായാണ് പന്ത്രണ്ടുകാരി ആദ്യം പൊലീസിനു നൽകിയ മൊഴി. തിരികെ വന്നപ്പോൾ കുഞ്ഞിനെ അവിടെ കണ്ടില്ലെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു.
കുഞ്ഞിനെ കാണാതായതിനു പിന്നാലെ മുത്തുവും ഭാര്യയും സമീപത്തുള്ള ഇതര സംസ്ഥാന തൊഴിലാളികളെ വിളിച്ചു കൂട്ടി. പൊന്ത കാടുകളിൽ ഉൾപ്പെടെ കുഞ്ഞിനായി പരിശോധന നടന്നു. ഇതിനിടെ ഒരാൾ കിണറ്റിലേക്ക് നോക്കിയപ്പോഴാണ് വെള്ളത്തിൽ പൊങ്ങി കിടക്കുന്ന കുഞ്ഞിനെ കണ്ടെത്തിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.