ഏപ്രിൽ, മേയിൽ ഉയർന്ന ഉപയോഗസമയത്തെ വൈദ്യുതി ആവശ്യകത റെക്കോഡ് ഭേദിക്കുമെന്നാണ് ഊർജമന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ. 2.50 ലക്ഷം മെഗാവാട്ട് വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവർഷം ഇത് 2.30 ലക്ഷമായിരുന്നു. പ്രതിസന്ധി ഒഴിവാക്കാൻ നിലയങ്ങൾ പൂർണതോതിൽ പ്രവൃത്തിക്കണം. എന്നാൽ, ഇതിനാവശ്യമായ കൽക്കരിയില്ല. ഇത് മറികടക്കാനാണ് ആഭ്യന്തര കൽക്കരിക്കൊപ്പം ആറുശതമാനം ഇറക്കുമതി കൽക്കരികൂടി ഉപയോഗിച്ച് ഉൽപ്പാദനം നടത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്. ജൂൺവരെ ഈ നില തുടരണം.
ഇറക്കുമതി കൽക്കരിക്ക് വില കൂടുതലാണ്. അതിനാൽ ചെലവ് വർധിക്കും. ഇതോടെ കൂടിയ നിരക്കിലാകും നിലയങ്ങൾ വിതരണ കമ്പനികൾക്ക് വൈദ്യുതി വിൽക്കുക. ഇത് കെഎസ്‌ഇബി ഉൾപ്പെടെയുള്ളവയുടെ വാങ്ങൽ ചെലവ് ഉയരാൻ ഇടയാക്കും. സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാൻ ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്ന ഇന്ധന സർചാർജ് പരിഷ്‌കരിക്കുന്നതിന് വിതരണ കമ്പനികൾ നിർബന്ധിതരാകും. ഇതോടെ വൈദ്യുതി നിരക്ക് കൂടും.
വൈദ്യുതി വാങ്ങാൻ കെഎസ്‌ഇബി ആശ്രയിക്കുന്ന നിലയങ്ങളിൽ ഭൂരിഭാഗവും കൽക്കരി ഉപയോഗിച്ച് പ്രവർത്തിക്കുന്നവയാണ്. കൽക്കരി ഇറക്കുമതി ചെയ്യാൻ കമ്പനികൾ ടെൻഡർ നടപടികൾ ഉൾപ്പെടെ പൂർത്തിയാക്കേണ്ടതുണ്ട്. ഉപയോഗം കുതിച്ചുയരുന്ന കാലയളവിനുള്ളിൽ കൽക്കരി ഇറക്കുമതി ചെയ്‌ത് ഉൽപ്പാദനം നടത്താനായില്ലെങ്കിൽ രൂക്ഷമായ ഊർജപ്രതിസന്ധിക്കിടയാക്കും. ലോഡ്‌ഷെഡ്ഡിങ്ങിനും പവർക്കട്ടിങ്ങിനും വഴിവയ്‌ക്കും.