തിരുവനന്തപുരം: വീടിനടുത്തുള്ള ക്ഷേത്രത്തിൽ ഉച്ചത്തിൽ പാട്ടുവെച്ചതിനെതിരെ പ്രതികരിച്ച് നടി അഹാന കൃഷ്ണ. ഇൻസ്റ്റ ഗ്രാം സ്റ്റോറിയിലൂടെയാണ് നടിയുടെ പ്രതികരണം.
ക്ഷേത്രത്തിലെ പ്രാർഥനയും മറ്റും കേൾക്കാൻ ആഗ്രഹിക്കുന്നവർ അവിടെ പോയി കേൾക്കും രാത്രി പതിനൊന്ന് മണിവരെയുള്ള ഉച്ചത്തിലുള്ള പാട്ട് സമീപത്ത് താമസിക്കുന്നവരുടെ സമാധാനം കളയുന്നുവെന്ന് ഇസ്റ്റ സ്റ്റോറിയിൽ അഹാന പറഞ്ഞു.
‘ ഉത്സവകാലത്ത് ക്ഷേത്രത്തിനുള്ളിലെ കാര്യങ്ങളെല്ലാം ചെവിക്ക് തകരാറ് സംഭവിക്കുന്ന തരത്തിൽ ലൗഡ് സ്പീക്കറിലൂടെ കേൾക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് ക്ഷേത്ര ഭാരവാഹികൾ കരുതുന്നതെങ്കിൽ തെറ്റി.
നിങ്ങൾ അങ്ങനെ അനുമാനിക്കുന്നത് നിർത്തേണ്ട സമയം അതിക്രമിച്ചു. ഇത്തരത്തിൽ രാവിലെ 9 മണിക്ക് ആരംഭിച്ച് രാത്രി 10-11 മണിവരെ ഉച്ചത്തിൽ പാട്ടുവച്ച് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന പ്രവൃത്തി ഒരു ആഴ്ചയിലേറെയായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കേൾക്കാൻ ആഗ്രഹിക്കുന്നവർ ക്ഷേത്ര പരിസരത്ത് പോയി ഇത് കേൾക്കും.’ അഹാന കുറിച്ചു.
അടുത്ത സ്റ്റോറി, ‘അമ്പലത്തില്‍ ഇടാന്‍ പറ്റിയ സൂപ്പര്‍ പാട്ട്, ഹര ഹരോ ഹര ഹര’ എന്ന കാപ്ഷനോടെ വിഡിയോ പങ്കുവെച്ചു. വിഡിയോയിൽ ‘സരക്ക് വച്ചിരുക്കാ’ എന്ന സിനിമാ ഗാനം കേൾക്കുന്നു.
‘എനിക്കും എന്റെ ഫോണിനും ഈ മ്യൂസിക് ബീറ്റിനൊപ്പം വൈബ് അടിക്കണം’ എന്നാണ് മറ്റൊന്ന്.
രാവിലെ ഉറക്കമെഴുന്നേറ്റും അഹാന വീഡിയോ പങ്കുവച്ചിട്ടുണ്ട്. ‘ഗുഡ് മോണിങ്, ഇതാണോ കാവിലെ പാട്ട് മത്സരം എന്ന് പറയുന്ന സാധനം?’ എന്ന് ചോദിച്ചു കൊണ്ടാണ് അഹാനയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. ‘വയ്യ എനിക്ക് ഈ പാട്ടുകാരെക്കൊണ്ട്’’ എന്ന ക്യാപ്ഷനോടെ സ്വന്തം ചിത്രവും അഹാന പങ്കുവച്ചിട്ടുണ്ട്.