ന്യൂഡൽഹി: വയോധികർക്കും 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കും ലോവർ ബർത്ത് ഉറപ്പാക്കി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ് എടുക്കുമ്പോൾ ഓപ്ഷൻ നൽകിയില്ലെങ്കിലും മുൻഗണന നൽകാനാണ് തീരുമാനം. ഇവരെ കൂടാതെ ഭിന്നശേഷിക്കാർക്കും ഗർഭിണികൾക്കും ഈ ആനുകൂല്യം ലഭിക്കും. സ്ലീപ്പർ കോച്ചിൽ ഓരോ കോച്ചിലും ആറ് മുതൽ ഏഴ് വരെ ലോവർ ബെർത്തുകളും തേഡ് എ.സിയിൽ നാല് മുതൽ അഞ്ച് വരെ ലോവർ ബെർത്തുകളും സെക്കൻഡ് എ.സിയിൽ മൂന്ന് മുതൽ നാല് വരെ ലോവർ ബെർത്തുകളും നൽകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ഭൂരിഭാഗം മെയിൽ/എക്സ്പ്രസ് ട്രെയിനുകളിലും ഭിന്നശേഷിക്കാർക്ക് പ്രത്യേക കംപാർട്ടുമെന്റുകൾ അനുവദിക്കും. സ്ലീപ്പർ കോച്ചിൽ നാല് ബെർത്തുകളും (രണ്ട് ലോവർ & രണ്ട് മിഡിൽ ബെർത്തുകൾ ഉൾപ്പെടെ) തേഡ് എ.സിയിൽ നാല് ബെർത്തുകളും റിസർവ് ചെയ്ത സെക്കൻഡ് സിറ്റിങ്ങിൽ നാല് സീറ്റുകൾ എന്നിങ്ങനെ മുൻഗണനാക്രമണത്തിൽ നൽകും. വന്ദേഭാരതിൽ ആദ്യത്തെയും അവസാനത്തെയും കോച്ചുകളിൽ വീൽചെയർ സൗകര്യവും ഭിന്നശേഷി സൗഹൃദ ശുചിമുറികളും ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
