വയനാട് മഡ് ഫെസ്റ്റ് സീസൺ-3 ജൂലൈ 12 മുതല്‍

news image
Jul 11, 2025, 3:44 am GMT+0000 payyolionline.in

കല്‍പ്പറ്റ:ജില്ലയില്‍ മണ്‍സൂണ്‍കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘വയനാട് മഡ്‌ഫെസ്റ്റ്-സീസണ്‍ 3’ ജൂലൈ 12 ന് തുടങ്ങും. വിനോദസഞ്ചാര വകുപ്പ്, വിവിധ ടൂറിസം സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ ജൂലൈ 12 മുതല്‍ 17 വരെയാണ് പരിപാടി. ഉദ്ഘടനം ജൂലൈ 12 ന് ബത്തേരിയില്‍ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും.

സമാപനം ജൂലൈ 15 ന് മാനന്തവാടി വള്ളിയൂര്‍കാവില്‍ പട്ടികജാതി പട്ടിക്കവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്യും. ഫെസ്റ്റിന്റെ ഭാഗമായി മഡ് ഫുട്‌ബോള്‍, മഡ് വടംവലി, മഡ് കബഡി, കയാക്കിംഗ്, മണ്‍സൂണ്‍ ട്രക്കിംഗ് എന്നിവ നടത്തും. വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു.

മഡ് ഫുട്ബോള്‍ 12ന് ജൂലൈ 12 സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന മഡ് ഫുട്‌ബോളില്‍ ഏട്ട് മത്സരാര്‍ത്ഥികളുള്ള 16 ടീമുകള്‍ക്കാണ് അവസരം. രജിസ്‌ട്രേഷന്‍ 800 രൂപ. 15000, 10000, 4000, 4000 രൂപ വീതം യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനക്കാര്‍ക്ക് സമ്മാനമായി ലഭിക്കും.

രണ്ടാം ദിനം മഡ് ഫുട്‌ബോള്‍, മഡ് വടംവലി രണ്ടാം ദിവസമായ ജൂലൈ 13 ന് വിവിധ ടൂറിസം സംഘടനകള്‍, മാധ്യമപ്രവര്‍ത്തകര്‍, ടൂര്‍ ഓപ്പറേറ്റര്‍സ്, ട്രാവല്‍ ഏജന്റുകള്‍ എന്നിവര്‍ക്കായുള്ള മഡ് ഫുട്‌ബോള്‍ മത്സരവും ഏഴ് മത്സരാര്‍ഥികള്‍ വീതമുള്ള 16 ടീമുകള്‍ക്ക് പങ്കെടുക്കാവുന്ന മഡ് വടം വലി മത്സരവും സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കും. 10000, 5000, 3000, 2000 രൂപ വീതം യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനക്കാര്‍ക്ക് ലഭിക്കും.

കര്‍ലാട് തടാകത്തില്‍ കയാക്കിങ് മത്സരം ജൂലൈ 14 ന് ഡബിള്‍ കാറ്റഗറി 100 മീറ്റര്‍ വിഭാഗത്തില്‍ കര്‍ലാട് തടകത്തില്‍ കയാക്കിങ് മത്സരം നടക്കും. 500 രൂപയാണ് രജിസ്ട്രേഷന്‍. ആദ്യ നാല് സ്ഥാനക്കാര്‍ക്ക് യഥാക്രമം 10000, 5000, 3000, 2000 രൂപയാണ് സമ്മാനം. 15 ന് മഡ് കബഡി ഏട്ട് മത്സരാര്‍ഥികള്‍ വീതമുള്ള 16 ടീമുകളുടെ മഡ് കബഡി മത്സരം മാനന്തവാടി വള്ളിയൂര്‍കാവില്‍ ജൂലൈ 15 നാണ്. 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീ. വിജയികള്‍ക്ക് 10000, 5000, 3000, 2000 രൂപ സമ്മാന തുകയായി ലഭിക്കും.

ചീങ്ങേരിയിലേക്ക് മണ്‍സൂണ്‍ ട്രക്കിംഗ് മഡ് ഫെസ്റ്റിന്റെ അവസാന ദിവസമായ ജൂലൈ 17 ന് 50 പേര്‍ക്കായി റോക്ക് അഡ്വഞ്ചര്‍ ടൂറിസം ചീങ്ങേരിയിലേക്ക് മണ്‍സൂണ്‍ ട്രക്കിംഗ് സംഘടിപ്പിക്കും. വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായി പേരുകള്‍ മുന്‍കൂട്ടി 9447399793, 7593892961 നമ്പറുകളില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe