പയ്യോളി: വയനാട്ടിലെ ദുരിതബാധിതർക്ക് സഹായം എത്തിക്കാനായി പയ്യോളിയിൽ സാധനങ്ങൾ സംഭരിക്കുന്ന കേന്ദ്രം തുറന്നു പ്രവർത്തനം ആരംഭിച്ചു. താലൂക്ക് ദുരന്തനിവാരണ സേനയുടെ പ്രവർത്തകരാണ് കേന്ദ്രം ആരംഭിച്ചത്. ദേശീയപാതയിൽ പയ്യോളി റെയിൽവേ സ്റ്റേഷന് അടുത്തായാണ് സാധനങ്ങൾ ശേഖരിക്കാനുള്ള കേന്ദ്രം തുടങ്ങിയത്.
താലൂക്ക് ദുരന്തനിവാരണ സേനയുടെ പയ്യോളി മേഖലയിലെ നിരവധി പ്രവർത്തകർ ഇന്നലെ തന്നെ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഇവർ സൈന്യത്തിനും മറ്റു വിഭാഗങ്ങൾക്കും ഒപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ട് കൊണ്ടിരിക്കുകയാണ്.
വരും ദിവസങ്ങളിലും വയനാട് ഭാഗത്തേക്ക് കൂടുതൽ പ്രവർത്തകരെ അയക്കാനുള്ള ശ്രമത്തിലാണ് പയ്യോളിയിലെ പ്രവർത്തകർ.
അവശ്യവസ്തുക്കളായ വസ്ത്രം, കുടിവെള്ളം, ഭക്ഷണ കിറ്റുകൾ തുടങ്ങിയവ നൽകാൻ ആഗ്രഹിക്കുന്നവർ ദേശീയപാതയോരത്ത് വടകര ഭാഗത്തുള്ള സർവീസ് റോഡിന് സമീപത്തായി പ്രവർത്തിക്കുന്ന കേന്ദ്രത്തിലേക്ക് സാധനങ്ങൾ എത്തിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.