വന്യമൃഗശല്യം: വയനാട് സന്ദര്‍ശിച്ച് കേന്ദ്രസംഘം; ബീനാച്ചി എസ്റ്റേറ്റിലും പരിശോധന

news image
Mar 14, 2024, 11:41 am GMT+0000 payyolionline.in

സുല്‍ത്താന്‍ ബത്തേരി: വന്യമൃഗങ്ങള്‍ ജനവാസമേഖലയിലെത്തുകയും അക്രമത്തില്‍ മനുഷ്യജീവനുകള്‍ നഷ്ടപ്പെടുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തി. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി എ.ഐ.ജി ഹാരിണി വേണുഗോപാല്‍, വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. കെ. രമേശ്, എലഫെന്റ് സെല്ലിലെ എന്‍. ലക്ഷ്മി നാരായണന്‍, പി.വി. കരുണാകരന്‍, ഡോ. എസ്. ബാബു എന്നിവരാണ് വയനാട്ടില്‍ സന്ദര്‍ശനം നടത്തിയത്. 

കുപ്പാടി പച്ചാടിയിലെ അനിമല്‍ ഹോസ് സ്പെയ്സ് സെന്റര്‍ പരിശോധിച്ച സംഘം കടുവയടക്കമുള്ള വന്യമൃഗങ്ങള്‍ താവളമടിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നിരിക്കുന്ന ബീനാച്ചി എസ്റ്റേറ്റിലുമെത്തി. ഏറെ നേരം ഇതിനുള്ളില്‍ പരിശോധനകൾ നടത്തിയ  ശേഷമാണ് പുറത്തിറങ്ങിയത്. നേരത്തെ നിശ്ചയിച്ചിട്ടുള്ള ഇടങ്ങളിലാണ് സംഘം സന്ദര്‍ശനം നടത്തിയതെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും സംഘത്തിനൊപ്പമുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തമിഴ്നാട് നീലഗിരി ജില്ലയിലെ വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിലും സംഘം സന്ദര്‍ശനം നടത്തി.

 

വന്യമൃഗശല്യം പെരുകിയ സാഹചര്യത്തില്‍ കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ യോഗം കഴിഞ്ഞദിവസം ബന്ദിപ്പൂരില്‍ നടന്നിരുന്നു. വന്യമൃഗ ശല്യം തടയാന്‍ ഏതെല്ലാം തലത്തില്‍ സഹകരണം സാധ്യമാകും എന്നാണ് യോഗം പ്രധാനമായും വിലയിരുത്തിയത്. യോഗത്തില്‍ വന്യമൃഗശല്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി കേരളവും കര്‍ണാടകവും തമ്മില്‍ അന്തര്‍ സംസ്ഥാന സഹകരണ ചാര്‍ട്ടറില്‍ ഒപ്പിട്ടു. കേരള-കര്‍ണാടക വനംവകുപ്പ് മന്ത്രിമാരാണ് ചാര്‍ട്ടറില്‍ ഒപ്പിട്ടത്. തമിഴ്‌നാട്ടില്‍ നിന്നുള്ള വനംമന്ത്രി എം. മതിവേന്ദന്‍ യോഗത്തില്‍ എത്താത്തതിനാല്‍ ഒപ്പിട്ടിട്ടില്ല. മന്ത്രി വരാത്തതിനാല്‍ ഒപ്പുവെച്ചില്ലെങ്കിലും തമിഴ്‌നാടും കരാറിന്റെ ഭാഗമായിരിക്കും. വിഭവ വിവരകൈമാറ്റങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് ഉടമ്പടി. സംഘര്‍ഷ മേഖലകളില്‍ സംയുക്ത ദൗത്യങ്ങള്‍ അതിവേഗത്തില്‍ നടപ്പിലാക്കാനും യോഗത്തില്‍ ധാരണയായി. മൂന്ന് സംസ്ഥാനങ്ങളും നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചാണ് സഹകരണം ഉറപ്പാക്കുക.ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ മൂന്ന് സംസ്ഥാനങ്ങളും ഒരു മിച്ച് കേന്ദ്രത്തെ സമീപിക്കും. കരാറിന്റെ ഭാഗമായി വന്യമൃഗശല്യത്തില്‍ വേഗത്തിലുള്ള ഇടപെടലിനും ഏകോപനത്തിനുമായി അന്തര്‍ സംസ്ഥാന ഏകോപന സമിതിയും രൂപവത്കരിക്കാനും യോഗം തീരുമാനിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe