വന്യജീവി ആക്രമണം: കൂടരഞ്ഞിയിൽ കൂടുസ്ഥാപിക്കാനുള്ള നടപടി തുടങ്ങി

news image
Jan 4, 2025, 2:21 pm GMT+0000 payyolionline.in

കോഴിക്കോട്: കൂടരഞ്ഞിയിൽ ഭീതി പരത്തുന്ന വന്യജീവിയെ പിടിക്കാൻ കൂടു സ്ഥാപിക്കാനുള്ള നടപടി തുടങ്ങി. ഇന്നലെ രണ്ട് ക്യാമറകൾ സ്ഥാപിച്ചെങ്കിലും വന്യജീവിയുടെ ചിത്രങ്ങളൊന്നും ലഭിച്ചില്ല. ലിന്റോ ജോസഫ് എംഎൽഎ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

വെള്ളിയാഴ്ച വൈകിട്ട് 5ന് കൂടരഞ്ഞി പത്താം വാർഡ് കൂരിയോട് ഭാഗത്തു വന്യജീവിയെ കണ്ടു പേടിച്ചോടിയ വീട്ടമ്മയ്ക്കു വീണു പരുക്കേറ്റിരുന്നു. ആടിനെ തീറ്റാൻ പോയ പൈക്കാട് ഗ്രേസിക്കാണ് പരുക്കേറ്റത്. വീടിന് സമീപമുള്ള പറമ്പിൽ ആടിനെ തീറ്റുന്നതിനിടെ കടുവ വന്നുവെന്നാണ് ഗ്രേസി പറഞ്ഞത്. ആടുകൾ ചിതറി ഓടിയെന്നും കടുവ തന്റെ നേരെ തിരിഞ്ഞപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ഗ്രേസി പറഞ്ഞു. പരുക്കേറ്റ ഗ്രേസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പീടികപ്പാറ ഫോറസ്റ്റ് സെക്‌ഷനിലെ ഉദ്യോഗസ്ഥരും ആർആർടി അംഗങ്ങളും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. രണ്ടാഴ്ച മുൻപും ആടിനെയും പട്ടിയെയും വന്യജീവി കടിച്ചുകൊന്നിരുന്നു. പ്രാഥമിക പരിശോധനയിൽ കാൽപാടുകൾ കണ്ടിട്ടു പുലിയാണെന്നാണ് വനംവകുപ്പ് നൽകുന്ന വിവരം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe