കൊച്ചി∙ വിയ്യൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിൽ കഴിയുന്ന തൃശൂർ സ്വദേശിക്കു വന്ധ്യതാചികിത്സ തുടരാൻ ഹൈക്കോടതി പരോൾ അനുവദിച്ചു. ഐവിഎഫ് ചികിത്സ തുടരേണ്ടതിന് ഭർത്താവിന്റെ സാന്നിധ്യം ആവശ്യമാണെന്നു കാണിച്ച് ഭാര്യ നൽകിയ ഹർജിയിലാണു ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.
ചികിത്സാനടപടികൾക്കായി 15 ദിവസത്തെ അവധി അനുവദിക്കാവുന്നതാണെന്നു വ്യക്തമാക്കിയ കോടതി രണ്ടാഴ്ചയ്ക്കുള്ളിൽ ഉത്തരവിറക്കാൻ ജയിൽ അധികൃതർക്കു നിർദേശം നൽകി. 2016ൽ രാഷ്ട്രീയ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് ജയിലിൽ കഴിയുന്നത്. വിചാരണക്കോടതിയുടെ ശിക്ഷാവിധി ഹൈക്കോടതി ശരിവച്ചതു ചോദ്യം ചെയ്തുള്ള അപ്പീൽ സുപ്രീംകോടതിയിലാണ്. പരോൾ ആവശ്യം കീഴ്ക്കോടതി നിരസിച്ച സാഹചര്യത്തിലാണു ഹൈക്കോടതിയിലെ ഹർജി.
മൂവാറ്റുപുഴയിലെ ആശുപത്രിയിൽ വന്ധ്യതാ ചികിത്സയുടെ ഭാഗമായി ഐവിഎഫ് രീതി നിർദേശിച്ചിരിക്കുകയാണെന്ന് അറിയിച്ച ഹർജിക്കാരി മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കി. ചികിത്സ ഫലപ്രദമാകാൻ 3 മാസം ഭർത്താവ് ഒപ്പമുണ്ടാകണമെന്നു വാദിച്ചു. സന്താനോൽപാദനം വ്യക്തിയുടെ അവകാശമാണോ എന്ന നിയമപ്രശ്നം കോടതി പരിശോധിച്ചു. ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഭരണഘടനാ പ്രകാരമുള്ള എല്ലാ അവകാശങ്ങൾക്കും അർഹതയില്ലെങ്കിലും തങ്ങൾക്ക് ഒരു കുട്ടി വേണമെന്ന ആഗ്രഹത്തിൽ ഭാര്യയാണു ഹർജി നൽകിയിട്ടുള്ളതെന്നു കോടതി പറഞ്ഞു.
31 വയസ്സുള്ള ഹർജിക്കാരിയുടെ ആവശ്യം സാങ്കേതിക കാരണങ്ങളുടെ പേരിൽ നിഷേധിക്കുന്നതു ശരിയല്ല. ശിക്ഷയിലൂടെ കുറ്റവാളികളുടെ മാനസിക പരിവർത്തനമാണു ലക്ഷ്യമിടുന്നത്. പുതിയ മനുഷ്യരായി അവർ സമൂഹത്തിന്റെ ഭാഗമായി മാറണമെന്നാണു സർക്കാരും സമൂഹവും ആഗ്രഹിക്കുന്നത്. അതിനാൽ ജയിൽ വാസം കഴിഞ്ഞിറങ്ങുന്നവരെ അകറ്റി നിർത്തുകയല്ല, സമൂഹത്തിൽ മാന്യമായി ജീവിക്കാനുള്ള അവരുടെ അവകാശം മാനിക്കുകയാണു വേണ്ടതെന്നു കോടതി ചൂണ്ടിക്കാട്ടി.
രാജസ്ഥാൻ ഹൈക്കോടതിയും കേരള ഹൈക്കോടതിയും മുൻപു സമാന ഹർജികൾ അനുവദിച്ചിട്ടുണ്ട്. ഈ ഹർജിയിലെ വിധി കീഴ്വഴക്കമാക്കരുതെന്നും തടവുകാർ പുറത്തിറങ്ങാൻ ഇതൊരു ഉപാധിയാക്കാത്ത വിധത്തിൽ ഓരോ കേസിലും സാഹചര്യം പരിശോധിച്ച് നിജസ്ഥിതി ബോധ്യപ്പെട്ടു നടപടിയെടുക്കണമെന്നും നിർദേശിച്ചു.