ന്യൂഡൽഹി: വന്ദേ ഭാരത് ട്രെയിനുകളിൽ പ്രാദേശിക വിഭവങ്ങൾ ലഭ്യമാക്കാൻ ഇന്ത്യൻ റെയിൽവേ . യാത്രാനുഭവം മെച്ചപ്പെടുത്തുക, പ്രാദേശിക സംസ്കാരവും രുചികളും പരിചയപ്പെടുത്തുക തുടങ്ങിയ നയങ്ങൾ റെയിൽവേ സ്വീകരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് പുതിയ നടപടി. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. ഈ സൗകര്യം ഘട്ടം ഘട്ടമായി എല്ലാ ട്രെയിനുകളിലേക്കും വ്യാപിപ്പിക്കും.
റെയിൽവേ ഭവനിൽ നടന്ന യോഗത്തിൽ റെയിൽവേ സഹമന്ത്രി രവ്നീത് സിംഗ് ബിട്ടുവും പങ്കെടുത്തു. “വന്ദേ ഭാരത് ട്രെയിനുകളിൽ ആ പ്രദേശത്തെ തനതായ വിഭവങ്ങൾ നൽകാൻ യൂണിയൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പ്രാദേശിക വിഭവങ്ങൾ പരിചയപ്പെടുത്തുന്നത് യാത്രക്കാരുടെ അനുഭവം ഗണ്യമായി മെച്ചപ്പെടുത്തും. ഈ സൗകര്യം ഭാവിയിൽ എല്ലാ ട്രെയിനുകളിലേക്കും ക്രമേണ വിപുലീകരിക്കും,” റെയിൽവേ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.ടിക്കറ്റ് ബുക്കിങ്ങിൽ വ്യാജ ഐഡികൾ ഉപയോഗിക്കുന്നതിനെതിരെ റെയിൽവേ നടത്തിയ നടപടികൾ ഫലം കാണുന്നുണ്ടെന്നും മന്ത്രി യോഗത്തിൽ സൂചിപ്പിച്ചു. കർശനമായ തിരിച്ചറിയൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയതോടെ ഐആർസിടിസി വെബ്സൈറ്റിൽ പ്രതിദിനം പുതിയ യൂസർ ഐഡികൾ സൃഷ്ടിക്കപ്പെടുന്നത് ഏകദേശം അയ്യായിരമായി കുറഞ്ഞു. മുമ്പ് ഇത് ഒരു ലക്ഷത്തോളം ആയിരുന്നു.
ഇതുവരെ മൂന്ന് കോടിയിലധികം വ്യാജ അക്കൗണ്ടുകൾ റെയിൽവേ റദ്ദാക്കിയിട്ടുണ്ട്. കൂടാതെ, 2.7 കോടി യൂസർ ഐഡികൾ സംശയാസ്പദമായ പ്രവർത്തനങ്ങളുടെ പേരിൽ താൽക്കാലികമായി റദ്ദാക്കുകയോ റദ്ദാക്കാൻ കണ്ടെത്തുകയോ ചെയ്തിട്ടുണ്ട്. “ഈ നടപടികളിലൂടെ ഇതിനകം ഇന്ത്യൻ റെയിൽവേക്ക് 3.03 കോടി വ്യാജ അക്കൗണ്ടുകൾ റദ്ദാക്കാൻ സഹായിച്ചിട്ടുണ്ട്. സംശയാസ്പദമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതിനെ അടിസ്ഥാനമാക്കി 2.7 കോടി യൂസർ ഐഡികൾ കൂടി താൽക്കാലികമായി സസ്പെൻഡ് ചെയ്യുകയോ സസ്പെൻഷനായി കണ്ടെത്തുകയോ ചെയ്തിട്ടുണ്ട്,” മന്ത്രാലയം കൂട്ടിച്ചേർത്തു.
