തിരുവനന്തപുരം: ഇന്ത്യന്‍ റെയില്‍വേയുടെ പുതുതലമുറ ട്രെയിനായ വന്ദേഭാരതിന്റെ സ്ലീപ്പര്‍ എഡിഷന്‍ ഈ വര്‍ഷം തന്നെ സര്‍വീസ് ആരംഭിക്കും. 16 റേക്കുകളുള്ള ട്രെയിനിന്റെ ആദ്യത്തെ റൂട്ട് ഉത്തരേന്ത്യയില്‍ ആയിരിക്കും എന്ന് ഉറപ്പായിക്കഴിഞ്ഞു. ആദ്യത്തെ ട്രെയിന്റ ഉത്തര റെയില്‍വേക്ക് ആയിരിക്കും നല്‍കുക. പത്ത് സ്ലീപ്പര്‍ ട്രെയിനുകളില്‍ ആദ്യത്തേതാണ് ഉത്തര റെയില്‍വേക്ക് നല്‍കുന്നത്. ബാക്കിയുള്ള ഒമ്പതെണ്ണത്തില്‍ ഒരെണ്ണം ദക്ഷിണ റെയില്‍വേക്കും ലഭിക്കുമെന്നാണ് വിവരം.
ദക്ഷിണ റെയില്‍വേക്ക് നല്‍കുന്ന ട്രെയിന്‍ കേരളത്തിലായിരിക്കും സര്‍വീസ് നടത്തുകയെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തിരുവനന്തപുരം സെന്‍ട്രല്‍ – മംഗളൂരു റൂട്ടിലായിരിക്കും ഈ ട്രെയിന്‍ ഓടിക്കുക. രാത്രി കാലത്ത് അങ്ങോട്ടും ഇങ്ങോട്ടുമായി പ്രതിദിനം ആറ് ട്രെയിനുകളാണ് തിരുവനന്തപുരം – മംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തുന്നത് (മാവേലി, മലബാര്‍, മാംഗ്ലൂര്‍ \ ട്രിവാന്‍ഡ്രം എക്‌സ്പ്രസുകള്‍). എന്നിട്ടും മിക്ക ദിവസങ്ങളിലും ടിക്കറ്റ് കിട്ടാത്ത സ്ഥിതിയാണ് ഈ റൂട്ടില്‍ ഉള്ളത്.
അത്യാധുനിക സൗകര്യങ്ങളുള്ള വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ ഒരെണ്ണം തിരുവനന്തപുരം – മംഗളൂരു റൂട്ടില്‍ അനുവദിച്ചാല്‍ അത് വന്‍ ഹിറ്റാകുമെന്നത് തന്നെയാണ് ഈ റൂട്ടിനെ പരിഗണിക്കുന്നതിന് പിന്നില്‍. മറ്റു സോണുകളെ ബന്ധിപ്പിച്ചുള്ള യാത്രയില്‍ തിരുവനന്തപുരം-ബെംഗളൂരു, കന്യാകുമാരി-ശ്രീനഗര്‍ (കൊങ്കണ്‍വഴി) റൂട്ടിന്റെ സാദ്ധ്യതകളുമുണ്ട്. 16 കോച്ചുള്ള 10 റേക്ക് എടുത്താണ് സ്ലീപ്പറാക്കി മാറ്റുന്നത്. 10 വന്ദേ സ്ലീപ്പറിന് പുറമേ 50 എണ്ണം നിര്‍മിക്കാനുള്ള ഓര്‍ഡര്‍ ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിക്ക് ലഭിച്ചു. 2026-27 ലാണ് ഇവ പുറത്തിറങ്ങുക.
ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ 2025ല്‍ തന്നെ സര്‍വീസ് ആരംഭിക്കുമെന്നാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചത്. രണ്ട് മാസത്തെ പരീക്ഷണ ഓട്ടത്തിന് ശേഷമാകും ഈ ട്രെയിന്‍ വാണിജ്യ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ക്കായി സര്‍വീസ് ആരംഭിക്കുക. രണ്ട് മാസത്തെ പരീക്ഷണയോട്ടത്തിന് ശേഷമാകും വാണിജ്യ സേവനങ്ങള്‍ക്കായി നല്‍കുകയെന്ന് ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയുടെ ജനറല്‍ മാനേജര്‍ യു സുബ്ബ റാവു പറഞ്ഞിരുന്നു.
800 മുതല്‍ 1,200 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്കാണ് സ്ലീപ്പര്‍ ട്രെയിന്‍ പരിഗണിക്കുന്നത്. 11 ത്രീ ടയര്‍ എസി കോച്ചുകള്‍, 4 ടു ടയര്‍ എസി കോച്ചുകള്‍, ഒരു ഫസ്റ്റ് ക്ലാസ് കോച്ച് എന്നിങ്ങനെ മൊത്തം 823 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍. പത്ത് ട്രെയിനുകള്‍ അടുത്ത വര്‍ഷം പുറത്തിറക്കുമെന്ന പ്രഖ്യാപനം വരുമ്പോള്‍ ഒരെണ്ണം സംസ്ഥാനത്തിനും ലഭിക്കുമെന്ന പ്രതീക്ഷിയിലാണ് കേരളം. വന്ദേഭാരത് ചെയര്‍ കാറുകള്‍ വന്‍ ഹിറ്റായതാണ് കേരളത്തിന് പ്രതീക്ഷ നല്‍കുന്ന ഘടകം.
കൂട്ടിയിടി ഒഴിവാക്കാന്‍ കവച് സംവിധാനം, ഡ്രൈവര്‍ കാബിനിലേക്കുള്ള എമര്‍ജന്‍സി ടോക്ക് ബാക്ക് യൂണിറ്റ് തുടങ്ങിയ സൗകര്യങ്ഹളും ഇതിലുണ്ട്. ബയോ വാക്വം ടോയ്‌ലറ്റുകള്‍, ചൂടുവെള്ളത്തില്‍ കുളിക്കാനുള്ള സൗകര്യം, സിസിടിവി, പാസഞ്ചര്‍ അനൗണ്‍സ്മെന്റ് സംവിധാനം എന്നിവ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്റെ പ്രത്യേകതകളാണ്.