വന്ദനയുടെ കൊലപാതകം; വീഴ്ച വരുത്തിയ പൊലീസിനെതിരെ നടപടി വേണം, കുടുംബത്തിന് 1 കോടി നഷ്ടപരിഹാരവും: ഐഎംഎ

news image
May 10, 2023, 2:55 pm GMT+0000 payyolionline.in

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് ഡോക്ടർ  കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് ഐഎംഎ. വീഴ്ച വരുത്തിയ പോലീസിന് എതിരെ നടപടി വേണം ഐഎംഎ ആവശ്യപ്പെട്ടു. കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം നൽകണം. അക്രമം നടന്നാൽ ഒരു മണിക്കൂറിനുള്ളിൽ എഫ്ഐആർ തയ്യാറാക്കുകയും ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കുകയും ചെയ്യണമെന്നും ആവശ്യം. ഒരു വർഷത്തിനുള്ളിൽ ശിക്ഷാവിധിയും പൂർത്തിയാക്കണം. ആശുപത്രികളുടെ സംരക്ഷിത മേഖല ആക്കുക, പുതിയ നിയമം ഓർഡിനൻസ് ആയി കൊണ്ട് വരിക എന്നിവയും ആവശ്യപ്പെടും. ഇക്കാര്യങ്ങളെല്ലാം സമരത്തിൽ ഉന്നയിക്കാനാണ് ഐഎംഎയുടെ തീരുമാനം. സംഭവത്തെ തുടർന്ന് ഡോക്ടർമാരുടെ പണിമുടക്ക് നാളെയും തുടരും.

ഡോക്ടർ വന്ദനയെ പ്രതി സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത് അതിക്രൂരമായി. കൊല്ലപ്പെട്ട വനിതാ ഹൗസ് സർജന്റെ ശരീരത്തിൽ 11 കുത്തുകളേറ്റെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇതിൽ 22 കാരിയായ ഡോക്ടറുടെ തലയ്ക്ക് മാത്രം മൂന്ന് തവണ പ്രതി കുത്തി. ആറ് തവണ വന്ദനയുടെ മുതുകിലും കുത്തേറ്റു. മുതുകിലും തലയിലുമേറ്റ ഒന്നിലധികം കുത്തുകൾ യുവ ഡോക്ടറുടെ മരണത്തിന് കാരണമായെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ. മൃതദേഹം നാളെയാണ് സംസ്കരിക്കുക.കേസിലെ പ്രതി സന്ദീപിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്. ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും. സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നാളെയും ഡോക്ടർമാരുടെ പണിമുടക്ക് തുടരും. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്ന നിയമനം ഓർഡിനൻസായി എത്രയും വേഗം പാസാക്കണമെന്ന് ഐഎംഎ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe