വനിത സി.പി.ഒ റാങ്ക് ലിസ്റ്റ്: കാലാവധി നാളെ അവസാനിക്കെ 45 ഉദ്യോഗാർഥികൾക്ക് അഡ്വൈസ് മെമ്മോ, സമരം ചെയ്തവരിൽ മൂന്ന് പേർക്ക് നിയമനം

news image
Apr 18, 2025, 12:41 pm GMT+0000 payyolionline.in

തിരുവനന്തപുരം: വനിത സി.പി.ഒമാരുടെ റാങ്ക് ലിസ്റ്റ് കാലാവധി നാളെ അവസാനിക്കാനിരിക്കെ, 45 ഉദ്യോഗാർഥികൾക്ക് കൂടി അഡ്വൈസ് മെമ്മോ. സമരം ചെയ്ത മൂന്ന് പേർക്ക് ഉൾപ്പെടെയാണ് അഡ്വൈസ് നൽകിയത്.

പോക്സോ വിഭാഗത്തിൽ വന്ന 300ൽ 28ഉം പൊലീസ് അക്കാദമിയിൽനിന്നു പോയ 13ഉം ജോലിയില്‍ പ്രവേശിക്കാത്ത നാലും ഒഴിവിലേക്കാണ് അഡ്വൈസ് മെമ്മോ നല്‍കിയിരിക്കുന്നത്. പ്രിയ, അരുണ, അഞ്ജലി എന്നിവർക്കാണ് സമരം ചെയ്തതിൽ അഡ്വൈസ് മെമ്മോ ലഭിച്ചത്. വനിത സി.പി.ഒ റാങ്ക് ഹോൾഡർമാരുടെ ലിസ്റ്റിന്റെ കാലാവധി നാളെ 12 മണിയോടെയാണ് അവസാനിക്കുക.

കഴിഞ്ഞ 17 ദിവസമായി ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ വിവിധ സമരമുറകളുമായി പ്രതിഷേധത്തിലാണിവർ. അതേസമയം, അഡ്വൈസ് ലഭിക്കാത്തവർ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം തുടരും. സമരം തുടങ്ങിയ ഏപ്രിൽ രണ്ട്‌ മുതൽ വളരെ വ്യത്യസ്തമായ രീതിയിൽ പ്രതിഷേധിച്ച്‌ ഉദ്യോഗാർഥികൾ അധികാരികളുടെ കണ്ണ്‌ തുറപ്പിക്കാൻ ശ്രമിക്കുന്നുണ്ട്‌.

നിരാഹാരം കിടന്നും മുട്ടിലിഴഞ്ഞും ഉപ്പുകല്ലിൽനിന്നും കൈയിൽകർപ്പൂരം കത്തിച്ചും നിലത്തിഴഞ്ഞും ഭിക്ഷയെടുത്തും മൂകാഭിനയത്തിലൂടെ തങ്ങളുടെ അവസ്ഥ അവതരിപ്പിച്ചുമാണ് സമരം തുടരുന്നത്. റാങ്ക്‌ പട്ടികയിൽ ഇടം നേടിയിട്ടും ജോലി കിട്ടാത്ത അവസ്ഥയിൽനിന്ന്‌ മോചനം ഉണ്ടാകണമെന്ന അപേക്ഷ മാത്രമാണ്‌ ഉദ്യോഗാർഥികൾ സർക്കാറിനുമുന്നിൽ അവതരിപ്പിക്കുന്നത്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe