ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ലിന് ലോക്സഭയിൽ അവതരണാനുമതി. വോട്ടെടുപ്പിലൂടെയാണ് ബിൽ അവതരണത്തിന് അനുമതി ലഭിച്ചത്. 251 പേരാണ് അനുകൂലിച്ചത്. 185 പേർ എതിർത്തു. വനിതാ സംരക്ഷണ ബില്ലിനെതിരെ ലോക്സഭയിൽ ശക്തമായ പ്രതിപക്ഷ പ്രതിഷേധമുണ്ടായി. സഭ ആരംഭിച്ച് ബിൽ അവതരിപ്പിക്കാൻ സ്പീക്കർ നീക്കം നടത്തിയതോടെയാണ് പ്രതിപക്ഷം ബഹളം ആരംഭിച്ചത്. വനിതാ സംവരണ ബിൽ ഫെഡറൽ സംവിധാനത്തിന് എതിരായ ആക്രമണമാണെന്ന് കോൺഗ്രസ് എംപി കെ സി വേണുഗോപാൽ പറഞ്ഞു. ജനാധിപത്യം ഹൈജാക്ക് ചെയ്യാനാണ് സർക്കാർ ശ്രമമെന്നും ബിൽ പിൻവലിക്കണമെന്നും കെ സി ആവശ്യപ്പെട്ടു. ബില്ലിനെ എതിർത്ത് സമാജ്വാദി പാർട്ടിയും രംഗത്തെത്തി. കശ്മീരിനും അസമിനും സംഭവിച്ചത് രാജ്യം മുഴുവൻ സംഭവിക്കുമെന്നാണ് അഖിലേഷ് യാദവ് പറഞ്ഞത്. ബിൽ ജനാധിപത്യത്തിന് എതിരാണെന്നും പിൻവലിക്കണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു.
ബില്ലിനെ എതിർത്ത് തൃണമൂൽ കോൺഗ്രസും എൻസിപിയും രംഗത്തെത്തി. അംബേദ്കറുടെ ആശയങ്ങൾ തകിടം മറിച്ചുവെന്നും ഭരണഘടനാ- ജനാധിപത്യ വിരുദ്ധമാണെന്നും ടിഎംസി എംപി പറഞ്ഞു. ബിൽ സ്ത്രീ സംവരണത്തിന് ഉളളതല്ലെന്നും മണ്ഡല പുനർനിർണയം ലക്ഷ്യമിട്ടുളളതാണെന്നും എൻ കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. 2023-ൽ വനിതാ സംവരണത്തെ പ്രതിപക്ഷം പൂർണമായി പിന്തുണച്ചതാണെന്നും അദ്ദേഹം പറഞ്ഞു. കറുത്ത വസ്ത്രം ധരിച്ചാണ് ഡിഎംകെ എംപിമാർ പാർലമെന്റിലെത്തിയത്.
ബിൽ ഭരണഘടനാ വിരുദ്ധമാണെന്നും പിൻവലിക്കണമെന്നും ഡിഎംകെ എംപി ടി ആർ ബാലു ആവശ്യപ്പെട്ടു. വനിതാ സംവരണ ബിൽ ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് എഐഎംഐഎമ്മും അഭിപ്രായപ്പെട്ടു. ബില്ലിനെ സിപിഐഎം ശക്തമായി എതിർക്കുന്നുവെന്ന് കെ രാധാകൃഷ്ണൻ എംപിയും പറഞ്ഞു. കേന്ദ്രത്തിന് സ്ഥാപിത താൽപ്പര്യമാണെന്നും നിലവിലെ ഭേദഗതിയിൽ സംശയങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങൾക്കെതിരാണ് ബില്ലെന്നും അത് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
