മലപ്പുറം: കാളികാവിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കു നേരെ പ്രദേശവാസികളുടെ പ്രതിഷേധം. നരഭോജിക്കടുവയെ വീണ്ടും കണ്ടതോടെയാണ് നാട്ടുകാരുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം നടന്നത്. പ്രദേശത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ പ്രതിഷേധിച്ചെത്തിയ നാട്ടുകാർ തടഞ്ഞു. ഇവരുടെ വാഹനങ്ങൾ പോകാൻ അനുവദിക്കാതെ നാട്ടുകാർ തടഞ്ഞിട്ടിരിക്കുകയാണ്. കടുവയെ ഇന്ന് തന്നെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പൊലീസെത്തി പ്രതിഷേധക്കാരുമായി സംസാരിക്കുകയാണ്. കടുവയെ പിടികൂടാതെ വനംവകുപ്പിന്റെ വാഹനങ്ങൾ കടത്തിവിടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. അതിനിടെ പ്രതിഷേധിക്കാനെത്തിയ യുഡിഎഫ് പ്രവർത്തകർക്കു നേരെ നാട്ടുകാർ തിരിഞ്ഞത് സംഘർഷത്തിനിടയാക്കി. പ്രതിഷേധത്തിന് രാഷ്ട്രീയമില്ലെന്നു നാട്ടുകാർ പറഞ്ഞു.
ടാപ്പിങ് തൊഴിലാളിയായ ഗഫൂർ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ട് എട്ടു ദിവസം പിന്നിട്ടെന്നും ഇതുവരെ കടുവയെ പിടികൂടാൻ വനംവകുപ്പിന് സാധിച്ചിട്ടില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്. കാളികാവിലെ നരഭോജി കടുവയെ പിടികൂടാൻ വനംവകുപ്പ് മേഖലയിൽ തിരച്ചിൽ ഊർജിതമാക്കിയിരുന്നു.
ഇന്നലെ പലവട്ടം കടുവയെ നേരിൽ കണ്ടെങ്കിലും മയക്കുവെടി വയ്ക്കാൻ കഴിഞ്ഞിരുന്നില്ല. രാത്രിയായതോടെ ദൗത്യം നിർത്തിവച്ചു. ഓഫ് റോഡ് റൈഡേഴ്സിന്റെ സഹായത്തോടെ കാളികാവ് കേരള എസ്റ്റേറ്റ് പരിസരത്തെ കൂടുതൽ ഉൾപ്രദേശങ്ങളിൽ പരിശോധന നടത്താനാണ് ശ്രമം. ഇന്നലെ കടുവയെ കണ്ടെത്തിയ മദാരി എസ്റ്റേറ്റിനു സമീപം കൂടുതൽ കൂടുകൾ സ്ഥാപിച്ചിരുന്നു. പുതുതായി 30ലേറെ ക്യാമറകളും സ്ഥാപിക്കുന്നുണ്ട്.