വണ്ടൂർ (മലപ്പുറം) : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളിൽ കൂറ്റൻ ആൽമരം കടപുഴകി വീണ് അപകടം. ബസിന്റെ പുറകുവശം പൂർണമായും തകർന്നു. പുറകുവശത്തെ സീറ്റിനിടയിൽ കുടുങ്ങിയ യുവാവിനെ അരമണിക്കൂറോളം പരിശ്രമിച്ചാണ് രക്ഷപ്പെടുത്തിയത്. യുവാവിന്റെ നില ഗുരുതരമാണ്. പത്തിലേറെ പേർക്ക് പരുക്കുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകിട്ട് 4.30ന് പട്ടിക്കാട് – വടപുറം സംസ്ഥാനപാതയിൽ വണ്ടൂരിനും പോരൂരിനും ഇടയിൽ പുളിയക്കോട് ആണ് അപകടമുണ്ടായത്. പെരിന്തൽമണ്ണ ഭാഗത്തുനിന്നു വഴിക്കടവിലേക്ക് പോവുകയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. റോഡരികിലെ മരം വീഴുന്നത് കണ്ട് ബസ് അരികിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ തന്നെ മരം മുകളിലേക്ക് പതിക്കുകയായിരുന്നു. ബസിൽനിന്നു കൂട്ട നിലവിളി ഉയർന്നതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇരുപതോളം യാത്രക്കാർ ആയിരുന്നു ബസിൽ ഉണ്ടായിരുന്നത്. മുൻഭാഗത്തിരുന്നവരെല്ലാം ഉടൻ പുറത്തിറങ്ങി. പുറകിൽ കുടുങ്ങിയ യുവാവിനെ പൊലീസും അഗ്നിരക്ഷാ സേനയും ട്രോമാ കെയർ പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. സംസ്ഥാനപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.