വണ്ടാനത്തെ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ കെട്ടിടത്തില്‍ തീപിടുത്തം; നിയന്ത്രണ വിധേയമാക്കി

news image
May 27, 2023, 1:29 pm GMT+0000 payyolionline.in

അമ്പലപ്പുഴ: വണ്ടാനത്ത് പ്രവര്‍ത്തിക്കുന്ന കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ കെട്ടിടത്തില്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെയാണ് തീ പിടിച്ചത്. ബ്ലീച്ചിങ് പൗഡറിന് തീപിടിച്ച് പൂര്‍ണമായി കത്തി നശിക്കുകയായിരുന്നു. അഗ്‌നിരക്ഷാ സേനയുടെ മൂന്ന് യൂണിറ്റ് അരമണിക്കൂറിലധികം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീയണക്കാന്‍ കഴിഞ്ഞത്. തീ പിടുത്തത്തെ തുടര്‍ന്ന് പ്രധാന മരുന്ന് സംഭരണ കേന്ദ്രത്തിലെ ഒമ്പത് എയര്‍ കണ്ടീഷനുകള്‍ കത്തി നശിച്ചു. ഈ കെട്ടിടത്തിന്റെ മുകള്‍ ഭാഗം വരെ തീ പടര്‍ന്നതിനാല്‍ മരുന്നുകളും നശിച്ചതായാണ് സൂചന.

 

രണ്ടു ദിവസം മുമ്പ് ഗോഡൗണില്‍ ഫയര്‍ ഓഡിറ്റിംഗ് നടത്തിയിരുന്നു. ബ്ലീച്ചിംഗ് പൗഡര്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീ ആദ്യം ഉണ്ടായത്. ഇതിന് കാരണം വ്യക്തമായിട്ടില്ല. രണ്ട് മുറികളിലായാണ് പൗഡര്‍ സൂക്ഷിച്ചിരുന്നത്. തൊട്ടടുത്ത മരുന്ന് ഗോഡൗണിലേക്കും തീ പടര്‍ന്നെങ്കിലും ഓട്ടോമാറ്റിക് സംവിധാനം പ്രവര്‍ത്തിച്ചതിനാല്‍ വലിയ നാശനഷ്ടം സംഭവിച്ചില്ല. രാവിലെ പുന്നപ്ര പൊലീസിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ ഡോ: ഷിബുലാല്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe