വടകര ∙ പഴയ ബസ് സ്റ്റാൻഡിലെ നഗരസഭയുടെ അധീനതയിലുള്ള ദ്വാരക കെട്ടിടത്തിലെ കോൺക്രീറ്റ് ഭാഗങ്ങൾ അടർന്നു വീഴുന്നു. കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടമാണിത്. ദിനം പ്രതി ധാരാളം പേർ വന്നു പോകുന്ന ഭാഗത്താണ് സിമന്റ് തേപ്പും കോൺക്രീറ്റും അടർന്നു വീഴുന്നത്. ശുചിമുറിയുടെ സമീപത്തെ കോണിപ്പടിയിലേക്കാണു മുകൾ നിലയിലെ പാരപ്പറ്റ് പൊട്ടി വീഴുന്നത്. പലപ്പോഴും ആളുകൾ ഓടി മാറിയാണ് അപകടത്തിൽ നിന്നു രക്ഷപ്പെടുന്നത്.
പഴക്കം ചെന്ന കെട്ടിടമായതിനാൽ പല ഭാഗങ്ങളിലും ഇതേ അവസ്ഥയുണ്ട്. സിമന്റും കോൺക്രീറ്റും അടർന്നു വീഴുമ്പോൾ നഗരസഭയുടെ നേതൃത്വത്തിൽ സിമന്റ് വച്ച് അടയ്ക്കുകയാണ് ചെയ്യാറുള്ളത്. നഗരസഭ സ്ഥിരം സമിതി അധ്യക്ഷനോടും മറ്റും പരാതിപ്പെട്ടിരുന്നു. ഈ ഭാഗത്തുള്ള കെട്ടിടത്തിന്റെ തൂണിലെ കമ്പി പുറത്തായ നിലയിലാണ്. കോൺക്രീറ്റുകൾ അടർന്നു തൂണിനു ബലക്ഷയം സംഭവിക്കുമോയെന്നും ആശങ്കയുണ്ട്. വലിയ അപകടം ഉണ്ടാകും മുൻപ് അറ്റകുറ്റപ്പണി നടത്തണമെന്നാണ് ആവശ്യം.