വടകര പൂവാടൻ ഗേറ്റിൽ റെയിൽവെ സിഗ്‌നൽ കേബിൾ മുറിച്ചുമാറ്റിയ സംഭവം; ആക്രി കച്ചവടക്കാർ അറസ്റ്റിൽ

news image
Jun 22, 2024, 2:32 pm GMT+0000 payyolionline.in

വടകര∙ പൂവാടൻ ഗേറ്റിൽ റെയിൽവെ സിഗ്‌നൽ കേബിൾ മുറിച്ചുമാറ്റിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. അസം സ്വദേശികളായ മനോവർ അലി (37), അബ്ബാസ് അലി (47) എന്നിവരെയാണ് കോഴിക്കോട് ആർപിഎഫ് പിടികൂടിയത്. മോഷ്ടിച്ച 12 മീറ്റർ സിഗ്‌നൽ കേബിളും ഇത് മുറിക്കാൻ ഉപയോഗിച്ച ആക്‌സോ ബ്ലേഡും പിടികൂടി.

വടകര പരവന്തലയ്ക്ക് സമീപം പഴയ വീട് വാടകയ്‌ക്കെടുത്ത് ആക്രിക്കച്ചവടം നടത്തുന്നവരാണ് പിടിയിലായ രണ്ടുപേരും. മനോവർ അലിയാണ് പൂവാടൻ ഗേറ്റിലെത്തി കേബിൾ മുറിച്ചുകൊണ്ടുപോയത്. സിഗ്‌നൽ കേബിൾ മുറിഞ്ഞതിനെത്തുടർന്ന് വെള്ളിയാഴ്ച രാവിലെ വടകരയ്ക്കും മാഹിക്കും ഇടയിൽ സിഗ്നൽ സംവിധാനം താറുമാറായി പത്തോളം തീവണ്ടികൾ വൈകിയിരുന്നു.

കേബിൾ മുറിച്ച സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ആർപിഎഫ് സംഘം സ്ഥലത്ത് പരിശോധന നടത്തുന്നതിനിടെ റെയിൽവെ ട്രാക്കിന് സമീപത്തായി മനോവർ അലിയെ കണ്ടു. സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ കേബിളിന്റെ ഒരു ഭാഗം കൈവശം കണ്ടെത്തി. തുടർന്ന് ആക്രിക്കച്ചവടം നടത്തുന്ന സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ ബാക്കി ഭാഗവും കണ്ടെത്തുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe