കോഴിക്കോട്: ആറുവരിയായി വികസിപ്പിക്കുന്ന ദേശീയപാത 66-ല്‍ ട്രക്ക് പാര്‍ക്കിങ് ടെര്‍മിനല്‍ വരുന്നു. വടകര പുതുപ്പണത്തിനും പാലോളിപ്പാലത്തിനുമിടയിലാണ് എല്ലാ സംവിധാനങ്ങളോടുമുള്ള ട്രക്ക് ടെര്‍മിനല്‍ വരുന്നത്. സ്ഥലം ലഭ്യമാവാത്തതാണ് നിലവിലുള്ള തടസ്സം.
അതിനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുയാണെന്ന് ദേശീയപാത അതോറിറ്റി അധികൃതര്‍ പറഞ്ഞു. അഴിയൂര്‍മുതല്‍ വെങ്ങളംവരെയുള്ള ആറുവരിപ്പാതയുടെ നിലവിലുള്ള കരാറുകാരായ അദാനി ബില്‍ഡേഴ്സ് തന്നെയായിരിക്കും ഇതിന്റെയും നിര്‍മാണം.
സ്ഥലമെടുത്തുകഴിഞ്ഞാല് ദേശീയപാത അതോറിറ്റി അദാനി ബില്‍ഡേഴ്സിന് ഡിസൈന്‍ തയ്യാറാക്കി കൈമാറും. കേരളത്തില്‍ ആദ്യമായാണ് ദേശീയപാത അതോറിറ്റി ട്രക്ക് പാര്‍ക്കിങ് ടെര്‍മിനല്‍ പണിയുന്നത്. ദീര്‍ഘദൂര ചരക്കുലോറികള്‍ ഏറ്റവും കൂടുതലെത്തുന്ന നഗരമായതിനാല്‍ കോഴിക്കോട് ബൈപ്പാസിനോടു ചേര്‍ന്ന് ട്രക്ക് പാര്‍ക്കിങ്ങിനുള്ള സൗകര്യമൊരുക്കണമെന്നായിരുന്നു ലോറിയുടമകളുടെയും തൊഴിലാളികളുടെയും ആവശ്യം. എന്നാല്‍, ബൈപ്പാസില്‍ അതിനുള്ള സ്ഥലം ലഭ്യമല്ല. അതുകൊണ്ടാണ് വടകരയ്ക്കടുത്ത് നിര്‍മിക്കുന്നത്. പേ ആന്‍ഡ് പാര്‍ക്കിങ് സംവിധാനത്തിലായിരിക്കും പ്രവര്‍ത്തിക്കുക. പദ്ധതിയുടെ മറ്റു വിശദാംശങ്ങളൊന്നും ലഭ്യമായിട്ടില്ല.
രാജസ്ഥാന്, ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളില്‍നിന്നെല്ലാം കോഴിക്കോട് വലിയങ്ങാടിയിലേക്കും മറ്റും ദിവസവും ചരക്കുലോറികള്‍ എത്തുന്നുണ്ട്. കോഴിക്കോട് നഗരത്തില്‍ എവിടെയും സൗകര്യമില്ലാത്തതിനാല്‍ പാതയോരത്തും മറ്റും നിര്‍ത്തിയിടുകയാണ് ചെയ്യുന്നത്. കോഴിക്കോട് ബൈപ്പാസില്‍ തൊണ്ടയാടും രാമനാട്ടുകരയിലുമായാണ് പാചകവാതക ടാങ്കര്‍ലോറികള്‍ അടക്കമുള്ളവ നിര്‍ത്തിയിടുന്നത്. വലിയങ്ങാടിയിലേക്കുള്പ്പെടെ വരുന്ന ലോറികള്‍ കോഴിക്കോട് സൗത്ത് ബീച്ച് പരിസരത്തും. ലോറിഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കാനോ മൂത്രമൊഴിക്കാനോ പോലും ഒരിടത്തും സൗകര്യമില്ല.
ദിവസവുമെത്തുന്നത് നൂറോളം ലോറികള്‍; പദ്ധതികളെല്ലാം കടലാസില്‍
നൂറോളം ലോറികളാണ് ദിവസവും കോഴിക്കോട് നഗരത്തില്‍ പലയിടത്തുനിന്നായി എത്തുന്നത്. സൗത്ത് ബീച്ചില്‍ റോഡരികില്‍ ലോറികള്‍ നിര്‍ത്തിയിടുന്നത് ആളുകള്‍ക്ക് വലിയ ബുദ്ധിമുട്ടായി മാറിയതോടെ ലോറി പാര്‍ക്കിങ് മാറ്റാനുള്ള ശ്രമങ്ങള്‍ കോര്പ്പറേഷന് തുടങ്ങിയിട്ടുണ്ട്. ഒന്നരപ്പതിറ്റാണ്ടോളമായി പുതിയ പാര്‍ക്കിങ് ടെര്‍മിനലിനുള്ള ആലോചനകളും ചര്‍ച്ചകളും തുടങ്ങിയിട്ടെങ്കിലും എവിടെയുമെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. സ്വകാര്യപങ്കാളിത്തത്തോടെയുള്ള പദ്ധതിയടക്കം ആവിഷ്കരിച്ചിരുന്നു. ഏറ്റവുമൊടുവില്‍ മാരി ടൈം ബോര്‍ഡുമായി ചേര്‍ന്ന് കരാര്‍ ഒപ്പുവെച്ചെങ്കിലും എന്ന് യാഥാര്‍ഥ്യമാവുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
എല്ലാ നഗരങ്ങളിലുമുണ്ട്, കോഴിക്കോട്ടുമാത്രമില്ല
പലസംസ്ഥാനങ്ങളിലും ലോറി ടെര്‍മിനലുകള്‍ ഉണ്ടെങ്കിലും കോഴിക്കോട് നഗരത്തില്‍മാത്രം കാലതാമസം വരുത്തുകയാണെന്ന് ലോറിത്തൊഴിലാളികള്‍ പറയുന്നു. ടൂറിസ്റ്റ് ടാക്സി ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കാന്‍ എല്ലായിടത്തും സംവിധാനമൊരുക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, രാജ്യത്ത് ഏറ്റവും കൂടുതല്‍ ജി.എസ്.ടി. വരുമാനമുണ്ടാക്കിക്കൊടുക്കുന്ന ലോറിത്തൊഴിലാളികള്‍ക്ക് ഒരു സൗകര്യവും ഒരിടത്തുമില്ലെന്ന് ഹെവി ആന്‍ഡ് ഗുഡ്സ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന് (എ.ഐ.ടി.യു.സി.) സംസ്ഥാന ജനറല്‍ സെക്രട്ടറി കബീര്‍ കല്ലേരി പറഞ്ഞു. മുംബൈ നഗരത്തില്‍ മൂന്നിടത്ത് ലോറി ടെര്‍മിനലുകളുണ്ട്. ബെംഗളൂരുവിലുമുണ്ട്. എവിടെയെങ്കിലും തണലില്‍ നിര്‍ത്തിയിടുന്നവരെ തെരുവുകച്ചവടക്കാരുള്പ്പെടെ ഓടിക്കുകയാണെന്നും കബീര്‍ കല്ലേരി പറഞ്ഞു.