വടകര നഗരസഭാ ഓഫീസ് നാടിന് സമർപ്പിച്ചു

news image
Jul 1, 2025, 12:21 pm GMT+0000 payyolionline.in

വടകര: വടകര നഗരസഭയുടെ സ്വപ്നപദ്ധതി നഗരസഭാ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്സ് നാടിന് സമർപ്പിച്ചു. പുതുതായി നിർമിച്ച ഓഫീസ് സമുച്ചയ അങ്കണത്തിൽ ആയിരങ്ങളെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിടം ഉദ്ഘാടനംചെയ്തു. 15 കോടി രൂപ ചെലവഴിച്ച് നാലുനിലകളിലായി ഏറ്റവും ആധുനിക സൗകര്യത്തോടുകൂടിയാണ് കെട്ടിടം സജ്ജമാക്കിയത്. നിയമസഭയെ അനുസ്‌മരിപ്പിക്കുംവിധമാണ് കൗൺസിൽ ഹാൾ സജ്ജീകരിച്ചിരിക്കുന്നത്. 7600 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള കെട്ടിടത്തിൽ 53 കടമുറികളുമുണ്ട്. കെയുഡിഎഫ്സിയിൽനിന്നുള്ള വായ്പയും നഗരസഭ ഫണ്ടും ഉപയോഗിച്ചാണ് കെട്ടിടം യാഥാർഥ്യമാക്കിയത്. സംസ്ഥാനം 2050 ഓടെ നെറ്റ് സീറോ കാർബൺ ആകാനുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തിവരുന്ന ഈ ഘട്ടത്തിൽ കേരളത്തിലെ ആദ്യത്തെ നെറ്റ് സീറോ കാർബൺ നഗരസഭയായി വടകരയെ മാറ്റാനുള്ള പ്രവർത്തനങ്ങളും ഏറെ മുന്നേറിയിട്ടുണ്ട്. പുതിയ ഓഫീസിന്റെ പരിപാലനവും ഇത് മുൻനിർത്തിയായിരിക്കും.

വൈദ്യുതിക്കായി സൗരോർജ പദ്ധതി ഒരുക്കിയിട്ടുണ്ട്. കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്ന ബിഎൽഡിസി ഫാനുകളാണ് ഓഫീസിൽ ഉപയോഗിക്കുന്നത്. ഹരിത ഓഫീസായിട്ടായിരിക്കും പ്രവർത്തനം. ഉദ്ഘാടന ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. ഹരിത ഓഫീസ് പ്രഖ്യാപനം മന്ത്രി പി എ മുഹമ്മദ് റിയാസ് നടത്തി. കെട്ടിട നിർമാണത്തിൽ മാതൃകാ പ്രവർത്തനം നടത്തിയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി, ആർകിടെക്ട് ആർ കെ രമേശ്, കെട്ടിടത്തിലെ വിവിധ അനുബന്ധ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കിയ സ്ഥാപനങ്ങളെയും വ്യക്തികളെയും ആദരിച്ചു. ചീഫ് എൻജിനിയർ സി ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. എംഎൽഎമാരായ കെ പി കുഞ്ഞമ്മദ് കുട്ടി, കെ കെ രമ, ഷാഫി പറമ്പിൽ എംപി, മുൻ മന്ത്രി സി കെ നാണു, വി തങ്കമണി, പി പി രഞ്ജിനി, കെ ശ്രീധരൻ, ആർ സത്യൻ, സതീശൻ കുരിയാടി, എം സി ഇബ്രാഹിം, സി കുമാരൻ, ബാബു കൊയിലോത്ത്, ടി വി ബാലകൃഷ്ണൻ, വി ഗോപാലൻ, പി എം വിനു, നിസാം പുത്തൂർ, മിക്ദാദ് തയ്യിൽ, രശ്മി പനോളി, പി ജി സൂരജ് എന്നിവർ സംസാരിച്ചു. നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു സ്വാഗതവും സെക്രട്ടറി ഡി വി സനൽ കുമാർ നന്ദിയും പറഞ്ഞു. ശിവദാസ് പുറമേരി രചിച്ച് പ്രേംകുമാർ വടകര സംഗീതം നൽകി പുതുപ്പണം ജെഎൻഎം ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച സ്വാഗതഗാനവും ഉണ്ടായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe