വടകര നഗരസഭയിൽ പെർമിറ്റ് ക്രമക്കേട്: നാല് ഉദ്യോഗസ്ഥർക്ക് കൂടി സസ്‌പെൻഷൻ; മന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഫയലുകൾ തിരിച്ചുവിളിപ്പിച്ചു

news image
Nov 6, 2025, 6:06 am GMT+0000 payyolionline.in

വടകര: വടകര നഗരസഭയിൽ കെട്ടിടങ്ങൾക്ക് അനധികൃത പെർമിറ്റും കൈവശ സർട്ടിഫിക്കറ്റും നൽകിയെന്ന പരാതിയിൽ നാല് ഉദ്യോഗസ്ഥർക്ക്കൂടി സസ്പെൻഷൻ. ഉത്തരവ് ഇറങ്ങിയതിനു പിന്നാലെ, മന്ത്രിയുടെ ഓഫിസ് ഇടപെട്ട് ഇതിന്റെ ഫയലുകൾ തിരിച്ചുവിളിപ്പിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കേ, ഉദ്യോഗസ്ഥരെ സസ്​പെൻഡ് ചെയ്തത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് സസ്പെൻഷൻ മരവിപ്പിക്കുന്നതിന്റെ ഭാഗമായി ഫയലുകൾ തിരിച്ചുവിളിപ്പിച്ചതെന്നാണ് സൂചന. നഗരസഭ എൻജിനീയറിങ് വിഭാഗത്തിലെ അസി. എൻജിനീയർമാരായിരുന്ന വി.പി. റിജുല, പി.എം. പ്രിയ, ടി.പി. അനഘ്, ​ഗ്രേഡ് ഓവർസിയർ എം.എം. പ്രതീഷ് എന്നിവരെയാണ് തദ്ദേശ വകുപ്പ് കോഴിക്കോട് ആഭ്യന്തര വിജിലൻസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സസ്‌പെൻഡ് ചെയ്തത്.

എൻജിനീയറിങ് വിഭാഗത്തിലെ അഴിമതി അറിയിക്കുന്നതിനുള്ള വാട്സ്ആപ് നമ്പറിൽ ലഭിച്ച പരാതികളുടെയും പൊതുജനങ്ങളിൽനിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെയും അടിസ്ഥാനത്തിലാണ് വിജിലൻസ് വിഭാഗം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. നാലു​പേരെയും സസ്​പെൻഡ് ചെയ്ത് തിങ്കളാഴ്ചയാണ് ഉത്തരവിറക്കിയത്. സംഭവത്തിൽ നേരത്തേ, നഗരസഭയിലെ അസി. എൻജിനീയർ വി. അജിത്കുമാർ, ഓവർസിയർ പി.പി. അനിഷ എന്നിവരെ സസ്‌പെൻഡ് ചെയ്തിരുന്നു. തുടർന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നാലുപേരെ കൂടി സസ്​പെൻഡ് ചെയ്തത്.

2021 മുതൽ പരിശോധനക്ക് വിധേയമാക്കിയ ഫയലുകളിൽ ഇപ്പോൾ സസ്‌പെൻഡ് ചെയ്യപ്പെട്ടവർ ഉൾപ്പടെ അഞ്ചുപേർക്കെതിരെ നടപടി സ്വീകരിക്കാനായിരുന്നു വിജിലൻസ് വിഭാഗം റിപ്പോർട്ട് നൽകിയത്. നേരത്തേ സസ്‌പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരുടെ സേവന കാലയളവിലെ ബന്ധപ്പെട്ട മുഴുവൻ രേഖകളും പരിശോധനക്ക് വിധേയമാക്കിയതിനെ തുടർന്നാണ് നടപടി ഉണ്ടായത്.

അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റത്തിന് സ്റ്റേ

വടകര നഗരസഭയിലെ അഴിമതി അ​ന്വേഷിച്ച ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയത് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. കോഴിക്കോട് തദ്ദേശ വകുപ്പ് ജില്ല ജോ. ഡയറക്ടർ ഓഫിസിലെ ഇന്റേണൽ വിജിലൻസ് ഓഫിസർ അനിൽകുമാറിനെയാണ് സ്ഥലംമാറ്റിയത്. കൊടുവള്ളി നഗരസഭ സെക്രട്ടറിയായി സ്ഥലംമാറ്റുകയും പകരം വി.എസ്. മനോജിനെ ഇന്റേണൽ വിജിലൻസ് ഓഫിസറായി നിയമിക്കുകയുമായിരുന്നു.

എന്നാൽ, അനിൽകുമാർ ട്രൈബ്യൂണലിനെ സമീപിച്ചു. എ ക്ലാസ് നഗരസഭയിലേക്ക് സ്ഥലംമാറ്റേണ്ട ഉദ്യേഗസ്ഥനെ സി ക്ലാസ് നഗരസഭയായ കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ നിയമിച്ചത് ചോദ്യംചെയ്ത് സമർപ്പിച്ച ഹരജിയിലാണ് റദ്ദ്ചെയ്ത് ഉത്തരവിറങ്ങിയത്. സ്ഥലംമാറ്റം ഉത്തരവ് ലഭിച്ചതോടെ അനിൽകുമാർ മെഡിക്കൽ അവധിയിൽ പ്രവേശിക്കുകയുമുണ്ടായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe