വടകര ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി നഗരഭാഗത്ത് പണിയുന്ന ഉയരപ്പാതയുടെ ഗർഡറുകൾ നിർമാണത്തിലെ അപാകത കാരണം കാരണം സ്ഥാപിക്കാൻ കഴിയാതായി. അടയ്ക്കാത്തെരു കോഫി ഹൗസ് പരിസരം മുതൽ പുതിയ ബസ് സ്റ്റാൻഡ് വരെ സ്ഥാപിച്ച തൂണുകളിൽ ആദ്യ ഘട്ടമായി 4 ഗർഡറുകൾ ക്രെയിൻ സഹായത്തോടെ വയ്ക്കാൻ ശ്രമിച്ചപ്പോഴാണ് തൂണുകളിലേക്ക് അമർത്തി വയ്ക്കാൻ പാകത്തിൽ അല്ല ഗർഡർ നിർമാണം നടന്നതെന്ന് വ്യക്തമായത്. തുടർന്ന് പണി നിർത്തി വച്ചു.
70 ടൺ ഭാരമുള്ള ഗർഡറുകൾ 89 എണ്ണമാണ് ഈ ഭാഗത്ത് സ്ഥാപിക്കേണ്ടത്. ഇനി പാലത്തിലേക്ക് ഗർഡർ ഘടിപ്പിക്കണമെങ്കിൽ തൂണുകളുടെ മുകൾ ഭാഗം പൊട്ടിക്കേണ്ടി വരും. നേരത്തേ കൈനാട്ടി ഭാഗത്ത് സ്ഥാപിച്ചപ്പോൾ ചില തൂണുകൾ ഇതേ പോലെ പൊട്ടിക്കേണ്ടി വന്നിരുന്നു. പാതയുടെ പണി നടത്തുന്ന വഗാഡ് കമ്പനിയാണ് ഗർഡറുകൾ പണിതത്. ഇതിന്റെ നിർമാണം നടത്തിയവർ മുഴുവൻ മടങ്ങിപ്പോയി.
കൊച്ചി കേന്ദ്രമായുള്ള കൃപ ക്രെയിൻ കമ്പനി തൊഴിലാളികളുമായി വടകരയിലെത്തിയിട്ട് 4 ദിവസം കഴിഞ്ഞു. ഗർഡറുകൾ സ്ഥാപിക്കേണ്ട സ്ഥലത്ത് എത്തിച്ചെങ്കിലും നിർമാണ തകരാർ മൂലം പണി നിർത്തിയതോടെ പണി ഏറ്റെടുത്തവരും തൊഴിലാളികളും ബുദ്ധിമുട്ടിലായി.