വടകര താലൂക്ക് ഓഫീസിന് പുതിയ കെട്ടിടം വരുന്നു; യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ തുക വകയിരുത്തി

news image
Jun 19, 2026, 6:55 am GMT+0000 payyolionline.in

വടകര: തീപിടിത്തത്തിൽ തകർന്ന വടകര താലൂക്ക് ഓഫീസിന് ഒടുവിൽ പുതിയ കെട്ടിടം യാഥാർത്ഥ്യമാകുന്നു. യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തിനിടെ മുഖ്യമന്ത്രി വി.ഡി. സതീശനാണ് വടകര താലൂക്ക് ഓഫീസ് നിർമ്മാണത്തിനായി തുക വകയിരുത്തിയതായി പ്രഖ്യാപിച്ചത്. അഞ്ചര വർഷത്തോളമായി അടിസ്ഥാന സൗകര്യങ്ങളില്ലാതെ ശ്വാസം മുട്ടുന്ന വടകര താലൂക്ക് ഓഫീസിന് ഈ ബജറ്റ് പ്രഖ്യാപനം വലിയ ആശ്വാസമാകും.

വടകരയുടെ ചരിത്രത്തിന്റെ ഭാഗമായിരുന്ന, 150 വർഷത്തോളം പഴക്കമുള്ള പൈതൃക കെട്ടിടം 2021 ഡിസംബർ 10-ന് പുലർച്ചെയുണ്ടായ അതിശക്തമായ തീപിടിത്തത്തിലാണ് പൂർണ്ണമായി കത്തിനശിച്ചത്. ദുരന്തം നടന്ന് അഞ്ച് വർഷം കഴിഞ്ഞിട്ടും പുതിയ കെട്ടിടം നിർമ്മിക്കാൻ നടപടിയുണ്ടാകാത്തത് താലൂക്ക് ഓഫീസിന്റെ ദൈനംദിന പ്രവർത്തനങ്ങളെയും പൊതുജനങ്ങളെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരുന്നു.
തീപിടിത്തത്തിൽ അവശേഷിച്ച ഫയലുകളുമായി നിലവിൽ വലിപ്പം കുറഞ്ഞ ഒരു വാടകക്കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. 7,200 ചതുരശ്ര അടി വിസ്തീർണ്ണമുണ്ടായിരുന്ന പഴയ കെട്ടിടത്തിന് പകരം വെറും 3,200 ചതുരശ്ര അടി മാത്രമുള്ള കെട്ടിടത്തിലാണ് ഇപ്പോൾ ജീവനക്കാർ ജോലി ചെയ്യുന്നത്.ആകെ രണ്ട് ശുചിമുറികൾ മാത്രമുള്ള ഇവിടെ വിവിധ ആവശ്യങ്ങൾക്കായി ദിവസേന എത്തുന്ന നൂറുകണക്കിന് പൊതുജനങ്ങൾക്ക് ഇരിക്കാൻ പോലും മതിയായ സൗകര്യമില്ല. ഈ സാഹചര്യത്തിലാണ് വടകരയുടെ കാത്തിരിപ്പിന് അറുതി വരുത്തിക്കൊണ്ട് പുതിയ കെട്ടിടത്തിനായുള്ള ബജറ്റ് പ്രഖ്യാപനം എത്തിയിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe