വടകര: റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ സന്ദർശന വിലക്ക് ഏർപ്പെടുത്തിയതായി പരാതി. വിവിധ ആവശ്യങ്ങൾക്കായി വരുന്നവർ ഇനി മുതൽ ആർ.ടി.ഒ ഓഫീസിലെ പി.ആർ.ഒമാരെ മാത്രമേ കാണാൻ കഴിയുവെന്നും സെക്ഷനുകളിലേക്ക് പ്രവേശനം നിഷേധിച്ച് ട്രാൻസ്‌പോർട്ട് കമ്മീഷണർ ഉത്തരവ് ഇറക്കിയതാണ് ഇതിന് കാരണം. സെക്ഷനുകളിലേക്കും മറ്റും പോകുന്ന വഴി അടച്ചിട്ടുണ്ട്.
ഇതിനെ തുടർന്ന് പി.ആർ.ഒ വിനെ കാണാൻ നീണ്ട ക്യു പ്രത്യക്ഷപ്പെട്ടു. പലപ്പോഴും പി.ആർ.ഒ സെക്ഷനുകളിൽ എത്തി പരാതിക്കാരുടെ പ്രശ്നങ്ങൾ തീർക്കാൻ ശ്രമിക്കുകയാണ്. ഭൂരിഭാഗം പരാതികൾക്കും പരിഹാരമാവുന്നില്ലെന്ന് ആക്ഷേപമുണ്ട്. ആർ.ടി.ഒ ഓഫീസിലെ വിവിധ സെക്ഷനുകളിൽ എത്തി പരിഹരിക്കേണ്ട പല വിഷയങ്ങളും നടക്കാത്ത സ്ഥിതിയായി. ഓൺലൈൻ സംവിധാനം വന്നതിനാൽ പൊതുജനങ്ങൾ ഓഫിസിൽ വരെ എത്തേണ്ടതില്ലെന്നും അതിനാലാണ് ഈ ക്രമീകരണം വന്നതെന്നുമാണ് ഔദ്യോഗിക വിശദീകരണം. ദൂരദിക്കുകളിൽ നിന്ന് പോലും വരുന്ന പരാതിക്കാർ ബുദ്ധിമുട്ട് നേരിടുകയാണ്.