വടകര: കാലാകാലങ്ങളായി ജനങ്ങൾ കാൽനടയ്ക്കായി ഉപയോഗിച്ച റെയിൽവേ പാളം മുറിച്ച് കടക്കുന്ന വഴികൾ മുന്നറിയിപ്പും ബദൽ സംവിധാനവും ഒരുക്കാതെ പൊളിച്ച് നീക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
വടകരയ്ക്കും- മാഹിക്കും ഇടയിൽ റെയിൽവേ ട്രാക്കിൽ വർഷങ്ങളായി മുറിച്ച് കടക്കാൻ ഉപയോഗിച്ച വഴിയാണ് അടച്ച് പൂട്ടിയതെന്ന് സമിതി അംഗം പ്രദീപ് ചോമ്പാല യോഗത്തിൽ പറഞ്ഞു. നൂറ് കണക്കിന് ആളുകൾ ദിവസേന ഉപയോഗിച്ച വഴിയാണ് മുന്നറിയിപ്പില്ലാതെ കൊട്ടിയടച്ചതതെന്ന് യോഗത്തിൽ പരാതി ഉയർന്നു. ഈ കാര്യം പാലക്കാട് ഡിവിഷൻ അധികൃതരെ അറിയിക്കും. നിർദ്ദിഷ്ട കുറ്റ്യാടി – നാദാപുരം പെരിങ്ങത്തൂർ – മട്ടന്നൂർ എയർപ്പോർട്ട് റോഡ് യാഥാർത്യമാക്കണമെന്ന് സമിതി അംഗം പി സുരേഷ് ബാബു ആവശ്യപ്പെട്ടു. ജില്ലയുടെ പരിധിയിൽ വരുന്ന 21 കിലോമീറ്റർ ദൂരത്തെ അലയന്റ്മെന്റ് ഡി.പി.ആറും ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. വെള്ളികുളങ്ങരയിലെ ഹൈദിൻ സലാഫ് വടകര സി.എം ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് സമിതി അംഗം ബാബു പറമ്പത്ത് ആവശ്യപ്പെട്ടു. പ്രശ്നം ഡി.എം.ഒ, റൂറൽ എസ്.പി, കലക്ടർ എന്നിവരെ അറിയിക്കുമെന്ന് തഹസിൽദാർ കല ഭാസ്ക്കർ പറഞ്ഞു. വടകര ആശ ആശുപത്രിക്ക് എതിർവശത്ത് ദേശീയപാത വികസനത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ എന്നിവയുടെ വഴി തടസ്സപ്പെടുത്തിയ വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തും. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ വൈസ് ചെയർമാൻ പി സജീവ് കുമാർ, എടച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എൻ പദ്മിനി, പ്രദീപ് ചോമ്പാല, പുറന്തോടത്ത് സുകുമാരൻ, ബാബു പറമ്പത്ത്, പി സുരേഷ് ബാബു, പി എം മുസ്തഫ, എൻ കെ സജിത്ത് എന്നിവർ സംസാരിച്ചു.