വടകരയിൽ വ്യാപാരിയുടെ മരണം: ഉത്തര മേഖല ഡിഐജി സ്ഥലം സന്ദർശിച്ചു

news image
Dec 25, 2022, 11:40 am GMT+0000 payyolionline.in

വടകര: വ്യാപാരിയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തെ തുടർന്ന് ഉത്തരമേഖല ഡിഐജി രാഹുൽ ആർ നായർ സംഭവസ്ഥലം സന്ദർശിച്ചു. രാവിലെ പതിനൊന്നോടെയാണ് ഡിഐജി മരണം നടന്ന കടയിൽ എത്തിയത്. അര മണിക്കൂറോളം കടയിലും, മൃതദേഹം സൂക്ഷിച്ച ഗവ. ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലും അദ്ദേഹം സന്ദർശനം നടത്തി. വടകര അഡിഷണൽ എസ്‌പി പി എം പ്രദീപ്, ഡിവൈഎസ്‌‌പി ആർ ഹരിപ്രസാദ് എന്നിവരും ഒപ്പമുണ്ടായി.

വ്യാപാരിയുടെ മരണം കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. വിരലടയാള വിദഗ്ദരും, ഫോറൻസിക് വിദഗ്ദരും, ഡോഗ് സ്ക്വാഡും കടയിലും  പരിസരങ്ങളിലും പരിശോധന നടത്തി. കടയ്ക്കുള്ളിൽ  ബലപ്രയോഗം നടന്നതായി പൊലീസ് പറഞ്ഞു. കൊലപാതക സൂചനകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ഡിഐജി വടകരയിലെത്തിയത്.

അന്വേഷണം നടക്കുകയാണെന്നും കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാനാവില്ലെന്നും ഡിഐജി പറഞ്ഞു. വടകര പുതിയാപ്പ് സ്വദേശി വലിയ പറമ്പത്ത് ‘ഗൃഹലക്ഷ്മി’യിൽ രാജൻ (62) നെയാണ് ശനിയാഴ്ച രാത്രി പതിനൊന്നരയോടെ കടയ്ക്കുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe