വടകര: തിരുവള്ളൂർ ചാനിയംകടവിൽ മുസ്ലിം ലീഗ് പ്രവർത്തകനെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ മൂന്ന് സിപിഎം പ്രവർത്തകർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ചാനിയംകടവ് സ്വദേശികളായ സുരേഷ്, അശ്വന്ത്, രഞ്ജിത്ത് എന്നിവരാണ് വടകര സ്റ്റേഷനിൽ ഹാജരായത്. താഴെക്കുറ്റിയിൽ യൂസഫിനെ ആക്രമിച്ച കേസിൽ നേരത്തെ ഒരാളെ പോലീസ് പിടികൂടിയിരുന്നു.
ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യൂസഫിനെ വാഹനം തടഞ്ഞുനിർത്തി വെട്ടിപ്പരിക്കേൽപ്പിക്കുകയും സ്വർണവും മൊബൈൽ ഫോണും കവരുകയും ചെയ്തെന്നാണ് പരാതി. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായാണ് ഈ ആക്രമണമെന്നാണ് സൂചന. നേരത്തെ പ്രദേശത്ത് ഒരു സിപിഎം പ്രവർത്തകന് മർദനമേറ്റിരുന്നു. ഇതിന് പിന്നാലെയാണ് യൂസഫിന് നേരെ ആക്രമണം ഉണ്ടായത്.
