വടകര: നിർമാണ തകരാർ കാരണം സ്ഥാപിക്കാൻ കഴിയാതെ പോയ ദേശീയപാതയുടെ ഉയരപ്പാത ഗർഡറുകൾ തൂണിലെ കുഴിയുടെ ആഴം കൂട്ടി ഉറപ്പിക്കുന്ന പണി തുടങ്ങി. പാർക്ക് റോഡ് പരിസരത്തു നിന്നു പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് സ്ഥാപിച്ച തൂണുകളിലെ കുഴിക്ക് ആഴം പോരാത്തതു കൊണ്ടാണ് ഗർഡർ സ്ഥാപിക്കുന്ന പണി നിർത്തിയത്.
ഇന്നലെ ഓരോ തൂണിലും ഗർഡർ ഉറപ്പിക്കേണ്ട ഭാഗത്ത് കുഴിയുടെ ആഴം 5 ഇഞ്ച് കൂട്ടുന്ന പണി തുടങ്ങി. തൂണിന്റെ മുകളിൽ ഗർഡർ ഉറപ്പിക്കുന്ന ഭാഗം താഴ്ന്നു നിൽക്കാത്തതു കൊണ്ട് ഈ ഭാഗത്ത് ഉയർത്തിയ 4 ഗർഡറുകൾ താഴെ വയ്ക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാക്കി തൂണുകളിലും പ്രശ്നമുണ്ടെന്ന് മനസ്സിലായത്.പണി നിലച്ചിട്ടും ബന്ധപ്പെട്ടവർ ആരും എത്തിയിരുന്നില്ല. ഇന്നലെയാണ് കുഴിയുടെ ആഴം കൂട്ടുന്നുണ്ടെന്നും അതിനു ശേഷം ഗർഡർ സ്ഥാപിക്കുന്ന പണി തുടങ്ങണമെന്നും നിർമാണ കമ്പനി ക്രെയിൻ കമ്പനിയെ അറിയിച്ചത്.തൂണുകൾ പൊട്ടിച്ച് ഗർഡർ സ്ഥാപിക്കുന്നത് ബലക്ഷയം ഉണ്ടാക്കുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. എന്നാൽ ഇതിൽ പ്രശ്നമില്ലെന്നാണ് വിദഗ്ധ ഉപദേശം. ഇതേ തുടർന്നാണ് പണി തുടങ്ങിയത്.